മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു; മുൻനിരയിൽ ലിജോ ജോസ് പെല്ലിശ്ശേരിയും ആഷിഖ് അബുവും
കൊച്ചി: മലയാള സിനിമാ രംഗത്ത് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനകൾക്ക് ബദലായി പുതിയൊരു സംഘടന പ്രമുഖ ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അഞ്ജലി മേനോൻ, രാജീവ് രവി, അഭിനേത്രിയായ റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകനായ ബിനീഷ് ചന്ദ്ര എന്നിവരാണ് പുതിയ സംഘടനയ്ക്ക് പിന്നിൽ. ഇതുമായി ബന്ധപ്പെട്ട് ഇവർ സംയുക്ത പ്രസ്‌താവന ഇറക്കിയിട്ടുണ്ട്.
'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ' എന്നായിരിക്കും സംഘടനയുടെ പേര്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ സംഘടനയെന്ന ആശയത്തിലേക്ക് കടക്കുന്നതെന്നും ഇതിലൂടെ പുത്തൻ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് ഇവരുടെ വാഗ്‌ദാനം. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളെ വേരൂന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും ഇവർ പറയുന്നു.

ഇക്കാലത്തെ മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോൾ സിനിമാമേഖല പിന്നിലാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്‌താവനയിലൂടെ അവർ വ്യക്തമാക്കുന്നു.
നേരത്തെ സിനിമയിലെ സാങ്കേതിക വിദഗ്‌ധരുടെ കൂട്ടായ്‌മയായ ഫെഫ്‌കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘടന പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഫെഫ്‌ക നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു ആഷിക് അബു സംഘടന വിട്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സംഘടനയുടെ നിലപാടിനെ ഉൾപ്പെടെ അദ്ദേഹം ചോദ്യം ചെയ്‌തിരുന്നു. ഫെഫ്‌ക പ്രസിഡന്റ് സിബി മലയിലിനെതിരെ ഗുരുതരമായ ആരോപണവും ആഷിഖ് അബു ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി ഫെഫ്‌ക രംഗത്ത് വരികയും ചെയ്‌തിരുന്നു. ഈ സംഭവ വികാസങ്ങൾക്ക് ഒടുവിലാണ് മുൻനിര സംവിധായകർ ഉൾപ്പെടെ ചേർന്ന് പുതിയൊരു സംഘടന എന്ന ആശയം അവതരിപ്പിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ ഉയർന്നുവന്ന വലിയ പൊട്ടിത്തെറിയുടെ ഭാഗം കൂടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. നേരത്തെ അഭിനേതാക്കളുടെ സംഘടനായ അമ്മയിൽ കൂട്ടരാജി പ്രഖ്യാപനം വന്നിരുന്നു. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് എതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നാലെയാണ് മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജി പ്രഖ്യാപിച്ചത്.
പല മുതിർന്ന നടന്മാർക്ക് എതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും ചെയ്‌തിരുന്നു. മുകേഷ്, ജയസൂര്യ, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, സംവിധായകരായ രഞ്ജിത്ത്, വികെ പ്രകാശ് എന്നിവർക്ക് എതിരെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിരുന്നു.












Click it and Unblock the Notifications