സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നാലാം ശനിയും അവധി? തീരുമാനം ദിവസങ്ങള്‍ക്കകം
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാസത്തിലെ നാലാം ശനിയാഴ്ച അവധി ദിനമാക്കാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം പത്താം തിയതി ഉച്ചക്ക് രണ്ട് മണിക്ക് ആണ് യോഗം വിളിച്ചിരിക്കുന്നത്. നാലാം ശനിയാഴ്ച അവധിയാക്കുമ്പോള്‍ പ്രവൃത്തി ദിവസത്തെ ജോലി സമയം കൂട്ടണോ എന്ന കാര്യത്തിലും തീരുമാനമെടുക്കും.
നാലാം ശനിയാഴ്ച അവധിയാക്കണം എന്ന് നേരത്തെ പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതോടൊപ്പം മറ്റ് പ്രവൃത്തി ദിവസത്തെ സമയം ദീര്‍ഘിപ്പിക്കാം എന്ന നിര്‍ദേശവും വന്നിരുന്നു. ഇത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതോടൊപ്പം ആശ്രിത നിയമനം നിയന്ത്രിക്കുന്നതും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ചര്‍ച്ചയാകും.

ആശ്രിത നിയമനം സംബന്ധിച്ച് വരുന്ന ഒഴിവുകളുടെ അഞ്ച് ശതമാനം എന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. അതില്‍ അപ്പീല്‍ പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. ഇത് കൂടി ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരിച്ചാല്‍, ഒരു വര്‍ഷത്തിന് അകം നിയമനം സ്വീകരിക്കാന്‍ തയാറുള്ള ആശ്രിതര്‍ക്ക് മാത്രം ജോലി നല്‍കാനാണ് സര്‍ക്കാര്‍ തലത്തില്‍ വന്നിട്ടുള്ള ആലോചന. മറ്റുള്ളവര്‍ക്ക് 10 ലക്ഷം രൂപ നല്‍കണം എന്നുമാണ് സെക്രട്ടറി തല കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യവും ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ ചര്‍ച്ചയാകും.
ജില്ലകളില്‍ വിവിധ വകുപ്പുകളിലെ തസ്തികകളില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകളുടെ 5 ശതമാനം മാത്രമേ ആശ്രിത നിയമനത്തിലൂടെ നടത്താവൂ എന്നായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നതാണ്. എന്നാല്‍ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിയില്ല.
ഇത് സംബന്ധിച്ച നിയമോപദേശവും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതിനാലാണ് ആശ്രിത നിയമനം പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്, ആശ്രിത നിയമനം നല്‍കാന്‍ നിലവിലുള്ള കാലതാമസം ഇനിയും കൂടിയേക്കും എന്നാണ് സര്‍ക്കാര്‍ നിഗമനം. പ്രശ്‌നം ഗുരുതരമായി ഭാവിയില്‍ എല്ലാ അപേക്ഷകര്‍ക്കും നിയമനം നല്‍കാന്‍ കഴിയാത്ത സ്ഥിതി ഒഴിവാക്കേണ്ടി വരും. അതിനാലാണ് നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.












Click it and Unblock the Notifications