നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകരെ ആക്രമിച്ച് ഡിവൈഎഫ്‌ഐക്കാർ; മാധ്യമപ്രവർത്തകർക്കും മർദ്ദനം
കൊച്ചി: നവ കേരള സദസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പ്രതിഷേധിച്ച കെഎസ്‌യുവിന്റെ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. എറണാകുളം അങ്കമാലിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തു. ദി ഫോർത്തിലെ മാധ്യമ പ്രവർത്തകനും ക്യാമറമാനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ആലുവയിലെ നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വരുന്നതിന് തൊട്ടു മുന്‍പാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ പര്യടനം.

നേരത്തെ കണ്ണൂരിലും സമാനമായി നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാലെ പഴയങ്ങാടി പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിനാണ് അന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദനത്തിന് ഇരയായത്.
കണ്ണൂർ മാടായിപ്പാറയില്‍ കല്യാശ്ശേരി മണ്ഡലത്തിലെ നവകേരളസദസ് പരിപാടി കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംനേരേ എരിപുരം വൈദ്യുതി ഓഫീസിനു മുന്നില്‍ കരിങ്കൊടി കാണിച്ചപ്പോഴായിരുന്നു ക്രൂരമായ മര്‍ദ്ദനം. ഇതിന് പിന്നാലെയാണ് ഇപ്പോൾ അങ്കമാലിയിലെ സമാനമായ സംഭവം അരങ്ങേറിയത്.
അതിനിടെ കോഴിക്കോട് ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തിൽ ഇന്ന് രാവിലെ പോലീസ് കേസെടുത്തിരുന്നു. ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. ശ്യാം കാര്‍ത്തിക്, റിത്തിക്, അബിന്‍രാജ്, ഇനോഷ്, ഇസ്‌മയില്‍, യോഗേഷ് എന്നിവരാണ് പ്രതികള്‍. വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.












Click it and Unblock the Notifications