'പൾസർ സുനിയുടെ കയ്യിൽ ഫോണുണ്ടെന്ന അഭ്യൂഹമുണ്ട്, ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ആശങ്ക'; ജിൻസൺ
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം വിചാരണ കോടതിയായ എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകൾ.

സുനി പുറത്തിറങ്ങിയതോടെ ഇനി എന്ത് എന്ന തരത്തിലുള്ള ചർച്ചകൾ ഉയരുന്നുണ്ട്. സുനി മറ്റെന്തെങ്കിലും വെളിപ്പെടുത്തലുകൾ നടക്കുമോ കോടതിയിൽ എന്ത് പറയും തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. അതിനിടയിൽ ഇപ്പോഴിതാ സുനിയുടെ ജയിൽ മോചനത്തിൽ ചില ആശങ്കകൾ പങ്കുവെയ്ക്കുകയാണ് കേസിലെ സാക്ഷിയായ ജിൻസൺ. റിപ്പോർട്ടർ ചാനലിനോടാണ് പ്രതികരണം.
'സാക്ഷികളെ സ്വാധീനിക്കരുതെന്നൊക്കെ കോടതി ജാമ്യ വ്യവസ്ഥയിൽ പൊതുവെ പറയുന്നതാണ്. എന്നാൽ സാക്ഷികളെ സ്വാധീനിച്ച സംഭവിച്ചത്തിൽ കേസുകൾ എവിടെ വരെയെത്തി. എന്തെങ്കിലും നടപടികൾ അവിടെ ഉണ്ടായോ? ഏഴര വർഷങ്ങൾക്ക് ശേഷം സുനി പുറത്തിറങ്ങുകയാണ്. കാണേണ്ട ആളുകളെയൊക്കെ കാണും. കോടതി പോലും ഇവിടെ തെറ്റായ പല കാര്യങ്ങളും നടത്തിയിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായൊക്കെ കണ്ടെത്തിയിട്ട് നടപടിയുണ്ടായോ?
പൾസർ സുനി പുറത്തിറങ്ങുമ്പോൾ ആർക്കാണ് ഗുണം ഉണ്ടാകുകയെന്നൊക്കെ സ്വാഭാവികമായി ആലോചിച്ചാൽ മനസിലാകുന്ന കാര്യമാണ്. പൾസർ സുനിയുടെ കൈയ്യിൽ ഒറിജിനൽ ഫോൺ ഉണ്ടെന്നുള്ള അഭ്യൂഹം ഉണ്ട്. ദൃശ്യങ്ങളും ഫോട്ടോകളും പലരും കണ്ടിട്ടുണ്ടെന്നത് വാർത്താമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇനി അതൊക്കെ പുറത്തുവന്നാൽ ആരാണോ ഇത് ചെയ്യിച്ചത് അവരുടെ ഉദ്ദേശങ്ങളൊക്കെ നടപ്പാക്കാൻ സാധ്യതയുണ്ട്.
സുനി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കരുതുന്നില്ല. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. ഏഴര വർഷം ജയിലിൽ കിടന്നിട്ട് എങ്ങനെയെങ്കിലും പുറത്തുവന്നാൽ മതിയെന്ന ചിന്തയിലാണ് അവൻ. അതുകൊണ്ട് തന്നെ അകത്തേക്ക് പോകാനുള്ള പണി അവനായി ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.പക്ഷെ മറ്റ് പലരും മുതലെടുക്കാൻ സാധ്യതയുണ്ട്. എട്ടാം പ്രതിയാണ് ചെയ്യിച്ചത് എന്നാണല്ലോ സുനി എന്നോട് പറഞ്ഞിട്ടുള്ളത്. അപ്പോൾ പിന്നെ സ്വാഭാവികമായിട്ടും അയാൾ തന്നെ ആയിരിക്കുമല്ലോ', ജിൻസൺ പറഞ്ഞു.
പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജിൻസൺ. നടിയെ ആക്രമിച്ചത് കൃത്യമായ ക്വട്ടേഷനാണെന്ന് പള്‍സർ സുനി തന്നോട് പറഞ്ഞിരുന്നതായി നേരത്തേ ജിൻസൺ വെളിപ്പെടുത്തിയിരുന്നു. താനും സുനിയും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. വളരെ അടുപ്പം ഉള്ളത് കൊണ്ട് തന്നെ തന്നോട് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ആരാണ് ഇതിനെല്ലാം പിന്നിലെന്ന് തനിക്ക് വ്യക്തമായ സൂചന തന്നെ സുനി നൽകിയിരുന്നുവെന്നും ജിൻസൺ വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷൻ തന്നു എന്ന് പറയുന്നയാൾ സുനിയെ ഒരു ദിവസം കൈവിട്ടാലോയെന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒന്നും എന്നെ കൈവിടാന്‍ അവർക്ക് കഴിയില്ലെന്നായിരുന്നു സുനി പറഞ്ഞതെന്നും ജിൻസൺ നേരത്തെ തുറന്നുപറഞ്ഞിരുന്നു.












Click it and Unblock the Notifications