പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
കോട്ടയം: പുതുപ്പള്ളിയിൽ ലിജിൻ ലാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബി ജെ പി കേന്ദ്ര നേതൃത്വം. ഇന്ന് രാവിലെയോടെയായിരുന്നു പ്രഖ്യാപനം. കോട്ടയം ബി ജെ പി ജില്ലാ അധ്യക്ഷനാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു.
നേരത്തെ ജോർജ് കുര്യന്റെ പേരായിരുന്നു ബി ജെ പി പരിഗണിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് ലിജിനെ പരിഗണിച്ചത്. യുവമോർച്ച കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ്, യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ശക്തമായ മത്സരമായിട്ട് തന്നെയാണ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലിജിൻ ലാൽ പ്രതികരിച്ചു. 'വികസനത്തിന് വേണ്ടി മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് തനിക്ക് പറയാനുള്ളത്. ശക്തമായ മത്സരമായിരിക്കും എൻഡിഎ കാഴ്ച വെയ്ക്കുക. 53 വർഷം ഒരു മണ്ഡലം എങ്ങനെയാണ് പിന്നോട്ട് പോയത് എന്നതിന്റെയൊരു നേർ ചിത്രം ഇവിടുത്തെ പൊതുസമൂഹത്തിന് മുന്നിൽ വെക്കാനാണ് ബി ജെ പി ആഗ്രഹിക്കുന്നത്. പാലങ്ങൾ ഉൾപ്പെടെയുള്ള പല വിഷയങ്ങളും ഇതിനോടകം ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾ വിവേക പൂർവ്വം കാര്യങ്ങൾ തിരിച്ചറിഞ്ഞ് ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്', ലിജിൻ പറഞ്ഞു.
'കേന്ദ്ര പദ്ധതികൾ ബി ജെ പിക്ക് അനുകൂലമായി മാറും. കഴിഞ്ഞ 53 വർഷം ജനങ്ങൾക്ക് എന്ത് ലഭിച്ചുവെന്നതാണ് പ്രധാന വിഷയം.അതാണ് ഇവിടെ ചർച്ചയാകേണ്ടത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലടക്കം വികസന മുരടിപ്പാണ് ഇവിടെ ഉണ്ടായത്. യു ഡി എഫിന് മാത്രമല്ല എൽ ഡി എഫിനും ഇതിൽ വ്യക്തമായ പങ്കുണ്ട്'
'മിത്ത് വിവാദം പുതുപ്പള്ളിയിൽ ചർച്ചയാകും. സമദൂരമെന്ന എൻ എസ് എസ് നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഏത് യുവാവാണ് വികസനത്തിന് അവർക്കൊപ്പം നിൽക്കുകയെന്നത് പുതുപ്പള്ളിയിലെ വോട്ടർമാർ തീരുമാനിക്കട്ടെ', ലിജിൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 11,694 വോട്ടുകളായിരുന്നു മണ്ഡലത്തിൽ ബി ജെ പിക്ക് ലഭിച്ചത്. എൻ ഹരിയായിരുന്നു അന്ന് ബി ജെ പി സ്ഥാനാർത്ഥി. 2016 ൽ മണ്ഡലത്തിൽ പതിനാറായിരത്തിനടുത്ത് വോട്ടുകൾ നേടാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു.












Click it and Unblock the Notifications