ജെയ്ക്ക് സി തോമസിന്റെ തോല്‍വി അപ്രതീക്ഷിതമല്ലെന്ന് എംഎ ബേബി: എന്നാലും വോട്ടിലെ ഇടിവ് പരിശോധിക്കണം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസിനുണ്ടായ പരാജയം അപ്രതീക്ഷിതമല്ലെന്ന് മുതിർന്ന സി പി എം നേതാവ് എം എ ബേബി. അതേസമയം തന്നെ വോട്ടിംഗിൽ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പരാജയത്തിന്റെ കാരണങ്ങള്‍ പാർട്ടിയും എൽ ഡി എഫും വിശദമായി പരിശോധിക്കുമെന്നും എംഎ ബേബി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. സിപിഎം നേതാവിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സഖാവ് ജെയ്ക്ക് സി തോമസിന് ഉണ്ടായ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പാടേ അപ്രതീക്ഷിതമല്ല. എന്നിരിക്കിലും വോട്ടിംഗിൽ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. സഹതാപഘടകം, ബി ജെ പിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവർത്തിച്ചു എന്നും വിലയിരുത്തേണ്ടതുണ്ട്.

എന്തായാലും പരാജയം പരാജയം തന്നെ. അത് അതിൻറെ എല്ലാ ഗൗരവത്തോടെയും അംഗീകരിക്കേണ്ടതാണ്. ഇതിന്റെ കാരണങ്ങൾ പാർട്ടിയും എൽ ഡി എഫും വിശദമായി പരിശോധിക്കും. ജനവിശ്വാസം കൂടുതൽ നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഉള്ള സഹതാപമാണ് യു ഡി എഫിന് ഇത്രയും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതിൽ മുഖ്യഘടകം. എല്ലാവിധ വർഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന അപഹാസ്യമായ യുഡിഎഫ് തന്ത്രത്തെ കേരളജനത വൈകാതെ തിരിച്ചറിയും.
കേരളസർക്കാരിനെ ശ്വാസം മുട്ടിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാറിന്റെ ധനകാര്യ നിയന്ത്രണങ്ങളും ഇടപെടലുകളും. ഹീനമായ രാഷ്ട്രീയലക്ഷ്യം വച്ചാണ് അവരിത് ചെയ്യുന്നത്. കേരളത്തിനെതിരേ ഒരുതരം സാമ്പത്തിക ഉപരോധം പോലെയാണ് ബി ജെ പി സർക്കാർ കാര്യങ്ങൾ നീക്കിയത്. അതോടൊപ്പം ചരിത്രത്തിലില്ലാത്തവിധം ഒരുവിഭാഗം മാധ്യമങ്ങൾ എൽഡിഎഫ് സർക്കാരിനെ ആക്രമിച്ചു. ഇതിനെയെല്ലാം നേരിടേണ്ടിവന്ന തെരഞ്ഞെടുപ്പും ആയിരുന്നു ഇത്.
കേരളത്തിലെ പാർട്ടിയും എൽ ഡി എഫും സർക്കാരും ആവശ്യമായ പരിശോധനകൾ നടത്തി വേണ്ട തരത്തിലുള്ള തിരുത്തലുകൾ വരുത്തി, കേരളത്തിലെ പുരോഗമനവാദികളുടെയും മതേതരവാദികളുടെയും പ്രസ്ഥാനമായി, തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രസ്ഥാനമായി മുന്നോട്ട് പോവുകതന്നെ ചെയ്യും.












Click it and Unblock the Notifications