Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളിയില്‍ നായകന്‍ ചാണ്ടി ഉമ്മന്‍: 8 പഞ്ചായത്തിലും സമഗ്രാധിപത്യം, അടിത്തറയിളകി എല്‍ഡിഎഫ്

കോട്ടയം: പുതുപ്പള്ളിയില്‍ റെക്കോർഡ് വിജയവുമായി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹവും ബഹുമാനവും തരംഗമായി ആഞ്ഞടിച്ചപ്പോള്‍ യു ഡി എഫ് സ്വന്തമാക്കിയത് 37719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം. അട്ടിമറി വിജയം പ്രതീക്ഷിച്ച എല്‍ ഡി എഫിന് ഒരു ഘട്ടത്തില്‍ പോലും ചാണ്ടി ഉമ്മന് ഭീഷണിയുയർത്താന്‍ കഴിഞ്ഞില്ല. 80144 വോട്ടുകള്‍ (61.17 % ) ചാണ്ടി ഉമ്മന് ലഭിച്ചപ്പോള്‍ ജെയ്ക്ക് സി തോമസിന് നേടാനായത് 42425 (32.38 %) വോട്ട് മാത്രം. ബി ജെപി സ്ഥാനാർത്ഥി ലിജിന്‍ 6558 (5.01 %) വോട്ടുകളുമായി ബഹുദൂരം പിന്നില്‍ പോയി.

തുടക്കം മുതല്‍ തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം. ആകേയുള്ള പത്ത് പോസ്റ്റല്‍ വോട്ടുകളില്‍ 7 എണ്ണവും യു ഡി എഫ് നേടിയതോടെ തന്നെ പുതുപ്പള്ളിയുടെ ചിത്രം വ്യക്തമായിരുന്നു. അസന്നിഹിത വോട്ടുകളില്‍ കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ഭൂരിപക്ഷ ചാണ്ടി ഉമ്മന്‍ മറികടന്നു. പിന്നീട് വോട്ടിങ് യന്ത്രത്തിലേക്ക് കടന്നപ്പോഴും യു ഡി എഫ് സ്ഥാനാർത്ഥിയുടെ സമഗ്രാധിപത്യമായിരുന്നു എങ്ങും. ഒരു ഘട്ടത്തില്‍ പോലും എല്‍ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് ചാണ്ടി ഉമ്മന്റെ അടുത്തെങ്ങും എത്താന്‍ സാധിച്ചില്ല.

 chandy

അയർക്കുന്നം പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അയ്യായിരം കടന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്ക് പോലും ഇവിടെ നേടാന്‍ സാധിച്ചത് ആയിരത്തോളം വോട്ടുകള്‍ മാത്രമായിരുന്നു. എന്നാല്‍ ആ കണക്കുകളെയെല്ലാം നിഷ്പ്രഭമാക്കി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞിനെ അയർക്കുന്നം പഞ്ചായത്തുകാർ നെഞ്ചിലേറ്റി.

അയർക്കുന്നത്ത് ഏത് സാഹചര്യത്തിലും യു ഡി എഫ് ലീഡ് രണ്ടായിരം കടക്കില്ലെന്നായിരുന്നു എല്‍ ഡി എഫ് കണക്ക് കൂട്ടല്‍. കേരള കോണ്‍ഗ്രസ് എം കൂടി കടന്ന് വന്നതോടെ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അയർക്കുന്നം പഞ്ചായത്ത് എല്‍ ഡി എഫ് പിടിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം വോട്ടുകള്‍ മാത്രമല്ല, സി പി എം വോട്ടുകള്‍ കൂടി യു ഡി എഫിലേക്ക് പോയെന്ന സംശയം ഉയർത്തുന്നതാണ് ചാണ്ടി ഉമ്മന്റെ ലീഡ്.

 jaick

അയർക്കുന്നിന് പിന്നാലെ എണ്ണിയ അകലകുന്നം,കൂരോപ്പടം, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം യു ഡി എഫ് സ്ഥാനാർത്ഥിയുടെ തേരോട്ടമായിരുന്നു. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസിന് ലീഡ് നല്‍കിയ മണർക്കാട് പോലും ഇത്തവണ എല്‍ ഡി എഫിനെ തുണച്ചില്ല.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോർഡുകള്‍ പോലും പഴങ്കഥയാക്കിയാണ് മകന്‍ ചാണ്ടി ഉമ്മന്റെ പടയോട്ടം. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ സുജ സൂസന്‍ ജോർജിനെതിരെ ഉമ്മന്‍ ചാണ്ടി നേടിയ 33255 വോട്ടായിരുന്നു ഇതുവരെയുള്ളതിലെ ഏറ്റവും വലിയ ഭൂരിപക്ഷം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഓർമ്മകള്‍ വിങ്ങുന്ന ഉപതിരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ വലിയ വിജയം നല്‍കി പുതുപ്പള്ളിക്കാർ ചാണ്ടി ഉമ്മനെ നിയമസഭയിലേക്ക് അയക്കുന്നു.

യു ഡി എഫ് തംരഗത്തില്‍ എല്‍ ഡി എഫ്, എന്‍ ഡി എ വോട്ടുകളിലെല്ലാം വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 54328 വോട്ടുകളാണ് സി പി എം സ്ഥാനാർത്ഥിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 41644 ലേക്ക് കൂപ്പുകുത്തി. ബി ജെ പിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ 2011 ല്‍ നേടിയ വോട്ടിന്റെ പകുതി മാത്രമാണ് നേടാന്‍ അവർക്ക് സാധിച്ചത്. കഴിഞ്ഞ തവണ നേടിയത് 11694 വോട്ടാണെങ്കില്‍ ഇത്തവണ ബി ജെ പി സ്ഥാനാർത്ഥിയുടെ പെട്ടിയില്‍ വീണത് 6447 വോട്ട് മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+