'കടക്ക് പുറത്ത്'; പിണറായിക്ക് ഒപ്പമുള്ള ഫേസ്‌ബുക്ക് കവർ ഫോട്ടോ മാറ്റി പിവി അൻവർ, നയം വ്യക്തമാക്കിയോ?
മലപ്പുറം: വിവാദങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്‌ബുക്ക് കവർ ഫോട്ടോ മാറ്റി പിവി അൻവർ എംഎൽഎ. ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് പുതുതായി പ്രൊഫൈലിൽ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമാണ് അൻവറിന്റെ പ്രൊഫൈലിൽ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ നിലവിലെ പ്രത്യേക സാഹചര്യത്തിൽ മാറ്റിയിരിക്കുന്നത്.
പിവി അൻവറിനെ മുഖ്യമന്ത്രിയും പാർട്ടിയും കൈവിട്ടിരുന്നു. നിരന്തരം പരസ്യ പ്രസ്‌താവനകൾ നടത്തി സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും അൻവറിനോടുള്ള അതൃപ്‌തി പ്രകടമാക്കിയത്. പിന്നാലെ സിപിഎമ്മും ഇക്കാര്യത്തിൽ അൻവറിന്റെ നിലപാടിനെ വിമർശിക്കുകയുണ്ടായി.

എന്നാൽ സൈബർ ഇടങ്ങളിൽ അൻവറിന് സാധാരണ പ്രവർത്തകരുടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. അതിനിടയിലാണ് സജീവമായ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലെ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം നീക്കി അൻവർ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നതും അഭ്യൂഹങ്ങൾക്ക് തുടക്കമിടുന്നതും എന്നതാണ് ശ്രദ്ധേയം.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടത്തിയ വിമർശനങ്ങൾ ഏറിയപങ്കും ചെന്ന് പതിച്ചത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെയാണ്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായിക്ക് ഈ വിവാദങ്ങൾ വലിയ തലവേദനയാണ് സൃഷ്‌ടിച്ചത്. എഡിജിപി എംആർ അജിത് കുമാറിനെ സംബന്ധിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി ഒടുവിൽ അന്വേഷണത്തിൽ വിടുകയും ചെയ്‌തു.
എന്നാൽ ഇതിനൊപ്പം സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിക്കെതിരെയും അൻവർ രംഗത്ത് വന്നിരുന്നു. ഇതാണ് സർക്കാരിനെയും പിണറായിയേയും കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഇത്തരം വിവാദങ്ങൾ ഒക്കെ കത്തി നിൽക്കുന്ന വേളയിലാണ് പിവി അൻവർ ഫേസ്‌ബുക്ക് കവർ ചിത്രം മാറ്റി മറ്റൊരു വിവാദത്തിന് കൂടി തിരി കൊളുത്തുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പിവി അൻവറിനെതിരെ പരോക്ഷമായി ഗുരുതര വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. പി ശശിക്കെതിരെ അൻവർ നടത്തിയ ആരോപണങ്ങൾ എല്ലാം തള്ളിക്കളഞ്ഞ പിണറായി ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ അജിത് കുമാറിനെതിരെ തൽക്കാലം അന്വേഷണം ഉണ്ടാവില്ലെന്നും അറിയിച്ചിരുന്നു.
അൻവർ നയം വ്യക്തമാക്കുന്നുവോ?
ആദ്യഘട്ടത്തിൽ പോലീസുകാർക്ക് എതിരെ മാത്രം ആരോപണം ഉന്നയിച്ച അൻവർ പിന്നീട് ആഭ്യന്തര വകുപ്പിനെ ഒന്നാകെ പരോക്ഷമായി വിമർശിക്കുന്ന നിലയിലേക്ക് വന്നു. കൂടാതെ പി ശശിക്കെതിരെ നിരന്തരം പരസ്യ ആരോപണങ്ങൾ ഉന്നയിക്കുകയും തൃശൂർ പൂരം വിഷയത്തിൽ ഉൾപ്പെടെ പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാൻ വടി ഇട്ടുകൊടുക്കുകയും ചെയ്‌തത് അൻവർ തന്നയാണെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവറിന്റേത് എന്തെങ്കിലും തരത്തിലുള്ള സൂചനയാണോ എന്നത് ഉറപ്പിച്ചു പറയാൻ കഴിയില്ല. നിലമ്പൂർ എംഎൽഎ ആയ അൻവർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്, പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിൽ വിള്ളൽ വന്ന പശ്ചാത്തലത്തിൽ അൻവർ കടുത്ത തീരുമാനം എടുത്താലും അത്ഭുതപ്പെടാനില്ല.












Click it and Unblock the Notifications