'തൊഴാൻ നിൽക്കുന്നവരെയേ നീയൊക്കെ ഇത് വരെ കണ്ടിട്ടുള്ളൂ, ഒരു ചുക്കും നടക്കില്ല'; കലിപ്പിൽ അൻവർ
കൊച്ചി: മാധ്യമങ്ങൾക്കെതിരെ വീണ്ടും എം എൽ എ പിവി അൻവർ. 'ഒരുത്തന്റെ വായിൽ കൊണ്ട് കോൽ തിരുകീട്ട്,"പറഞ്ഞിട്ട് പോയാ മതി"എന്ന് പറയാൻ ഇവിടെ ഒരുത്തനും അവകാശമില്ലെന്നും പ്രതീക്ഷിക്കുന്നത് പോലെ ഗരുഡൻ തൂക്കവും ഉരുട്ടലും ഒന്നും നടക്കാൻ പോണില്ലെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പിവി അൻവർ ക്ഷുഭിതനായിരുന്നു. പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, 'ഇന്ത്യ - പാകിസ്താൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ, പറയാൻ സൗകര്യമില്ല' എന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാധ്യമങ്ങൾക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം- 'ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ മാച്ചിനെ കുറിച്ച് ഇന്ന് ചർച്ച ഉണ്ടായിരുന്നില്ല. പകരം,ഇന്ത്യ-ആഫ്രിക്ക മാച്ചിനെ കുറിച്ചായിരുന്നു ചർച്ച.!! ഇനിയും ചർച്ച ഉണ്ടാവും. നീയൊന്നും പ്രതീക്ഷിക്കുന്നത് പോലെ ഗരുഡൻ തൂക്കവും ഉരുട്ടലും ഒന്നും നടക്കാൻ പോണില്ല. സ്പോർട്ട്സ്‌മാൻ സ്പിരിട്ട് ഇത്തിരി കൂടുതലാന്ന് കൂട്ടിക്കോ.അറിയിക്കേണ്ടത് ഇവിടെ അറിയിക്കും. അപ്പോ അറിഞ്ഞാൽ മതി. ഒരുത്തന്റെ വായിൽ കൊണ്ട് കോൽ തിരുകീട്ട്,"പറഞ്ഞിട്ട് പോയാ മതി"എന്ന് പറയാൻ ഇവിടെ ഒരുത്തനും അവകാശമില്ല.
തൊഴാൻ നിൽക്കുന്നവരെയേ നീയൊക്കെ ഇത് വരെ കണ്ടിട്ടുള്ളൂ. എന്നെ അതിനിപ്പോൾ കിട്ടില്ല. അതൊക്കെ കൈയ്യിൽ വച്ചാൽ മതി. ഇങ്ങോട്ട് വേണ്ട. ഇങ്ങോട്ട് മാന്യത കാണിച്ചാൽ തിരിച്ചും അത് ഉണ്ടാവും.. അതല്ലെങ്കിൽ."മനസ്സില്ല,സൗകര്യമില്ല" എന്ന് തന്നെയേ പറയൂ. പണ്ടേ പറഞ്ഞിട്ടുണ്ട്. നീയൊക്കെ ഒരുപാട് വേട്ടയാടിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 6-7 വർഷം. എഞ്ഞിട്ടെന്തായി?? ഒരു ചുക്കും നടക്കില്ല നിന്നെ കൊണ്ടൊന്നും..
കേട്ടോ', പോസ്റ്റിൽ പറഞ്ഞു.
അതിനിടെ ക്വാറി ഇടപാടിലെ കള്ളപ്പണക്കേസിൽ പിവി അൻവറിനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യാൽ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. ഇന്നും കൊച്ചിയിലെ ഇ ഡി ഓഫീസിലായിരിക്കും ചോദ്യം ചെയ്യൽ.
മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം നൽകിയ പരാതിയിലാണ് ഇഡിയുടെ അന്വേഷണം. 2012ൽ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് എം എൽ എ 50 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതി. പരാതിക്കാരനായ സലീമിനെയും നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications