'നഗ്ന ശരീരത്തിലെ ചിത്രം വര': പോക്സോ കേസില്‍ രഹ്ന ഫാത്തിമക്കെതിരായ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരായ തുടർ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. രഹ്ന നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. മക്കള്‍ നഗ്നമായ ശരീത്തില്‍ വരയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
പോക്സോ നിയമനത്തിന് പുറമെ ഐടി ആക്ട് പ്രകാരവുമായിരുന്നു രഹ്നക്കെതിരെ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പും കുട്ടികളെ ദുരുപയോഗം ചെയ്തതിന് പോക്സോ നിയമത്തിലെ 75-ാം വകുപ്പുമായിരുന്നു രഹ്നനക്കെതിരെ ചുമത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നായിരുന്നു രഹ്നയ്ക്കെതിരായി പൊലീസിനെ സമീപിച്ച തിരുവല്ല സ്വദേശിയായ അഭിഭാഷകന്റെ വാദം. എന്നാല്‍ പൊലീസ് നടപടിക്കെതിരെ കോടതിയെ സമീച്ച രഹ്നയുടെ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസിലെ തുടർ നടപടികള്‍ റദ്ദാക്കുകയായിരുന്നു.
നേരത്തെ കേസില്‍ മുന്‍ ജാമ്യം സുപ്രീംകോടതി തള്ളിയതിനെ തുടർന്ന് രഹ്ന പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അസംബന്ധമായ പ്രവൃത്തിയാണ് രഹ്ന ഫാത്തിമ ചെയ്തതെന്നും സുപ്രീംകോടതി വിലയിരുത്തിയിരുന്നു. അശ്ലീലം പ്രചരിപ്പിച്ചു എന്നത് വ്യക്തമാണെന്നും കോടതി പറഞ്ഞു. രഹ്ന ഫാത്തിമ ആക്ടിവിസ്റ്റ് ആയിരിക്കാം. എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നും അന്ന് കോടതി ചോദിച്ചിരുന്നു.
എന്നാല്‍ താന്‍ കുട്ടികളെ മോശമായി ഉപയോഗിച്ചിട്ടില്ല എന്നാണ് രഹ്നയുടെ വാദം. കലയുടെ ആവിഷ്‌കാരം ആണ് താന്‍ ലക്ഷ്യം വച്ചത്. അതുവഴി ആശയ പ്രചാരണവും ഉദ്ദേശിച്ചിരുന്നു എന്നും രഹ്ന പറഞ്ഞു. സമാനമായ വാദങ്ങള്‍ തന്നെയായിരുന്നു ഇവര്‍ സുപ്രീംകോടതിയിലും ഉന്നയിച്ചിരുന്നത്.


Click it and Unblock the Notifications