'ഫെമിനിച്ചികൾക്ക് ദൈവമില്ല, കുടുംബമില്ല, സംസ്‌കാരമില്ല'; മുകേഷ് രാജിവയ്‌ക്കരുതെന്ന് രാഹുൽ ഈശ്വർ, കാരണം?
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഈശ്വർ. മുകേഷിനെതിരെ ഉള്ളത് വെറും വ്യാജ പരാതിയാണെന്നും സീരിയൽ പരാതികൾ നൽകുന്ന നടിയാണ് ഇതിന് പിന്നിലെന്നും 71 വയസായ ബാലചന്ദ്രമേനോൻ എന്ന മനുഷ്യനെ പോലും അവർ വെറുതെ വിട്ടില്ലെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരെ രാഹുൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എടുത്ത പീഡന കേസിൽ കഴിഞ്ഞ ദിവസം മുകേഷിനെതിരായി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. താരത്തിനെതിരെ ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നും ആരോപണം തെളിഞ്ഞെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യവും ശക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് രാഹുൽ ഈശ്വർ മുകേഷിന് പിന്തുണയുമായി രംഗത്ത് വന്നത്. മുകേഷ് എംഎൽഎ ഒരു സിപിഎംകാരനാണ് എന്നത് കൊണ്ട് അദ്ദേഹത്തെ പിന്തുണക്കാതിരിക്കാൻ കഴിയില്ലെന്നും കോൺഗ്രസിലെ എൽദോസ് കുന്നപ്പള്ളിയായാലും ബിജെപിയുടെ സുരേഷ് ഗോപിയായാലും ഇത്തരം വ്യാജ പരാതികളുടെ ഇരകളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
ശ്രീ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു എന്ന വാർത്തകളാണ് വരുന്നത്. ശ്രീ മുകേഷ് രാജിവയ്‌ക്കേണ്ട ആവശ്യമുണ്ടോ? എന്തിനാണ് മുകേഷ് രാജി വയ്ക്കുന്നത്. ആ പറയുന്ന സ്ത്രീ എത്ര പേർക്ക് എതിരെ വ്യാജ പരാതി കൊടുത്തിരിക്കുന്ന വ്യക്തിയാണ്. ഇവിടെ നിയമവും നിയമ സംവിധാനവും ഉണ്ടെങ്കിൽ, ഞാൻ കൂടിയുള്ള ഒരു ന്യൂസ്18 ചർച്ചയിൽ അവർ പോക്സോ കേസ് ഇരയുടെ പേര് പുറത്തുവിട്ടിരുന്നു. എന്നിട്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല.
മുകേഷ് എംഎൽഎക്കെതിരെ ഉള്ളത് വ്യാജ പരാതി ആണെന്ന് പറയാൻ നമുക്ക് നട്ടെല്ല് വേണം. എന്തുകൊണ്ടാണ് ഇത് വ്യാജ പരാതിയാണെന്ന് പറയുന്നത്. മുകേഷിനോദ് വർഷങ്ങളായി ബന്ധം കാത്തു സൂക്ഷിക്കുകയും വാട്‍സ്ആപ്പ് ചാറ്റ് ചെയ്യുകയും ഉമ്മ സ്മൈലി അയക്കുകയും ഹാർട്ട് സ്മൈലി അയക്കുകയും കാശ് ചോദിക്കുകയും ചെയ്‌ത ആളാണ് അവർ.
കാശ് ചോദിച്ചപ്പോൾ മുകേഷ് കൊടുക്കില്ലെന്ന് പറഞ്ഞു, ഭീഷണിക്ക് അദ്ദേഹം വഴങ്ങിയില്ല. ഈ സ്ത്രീ തന്നെയല്ല ബാലചന്ദ്ര മേനോനെതിരെ പരാതി നൽകിയത്, 71 വയസായ അദ്ദേഹത്തെ പോലും ടാർഗറ്റ് ചെയ്‌തു. ഇവർ എത്ര നടന്മാരെ ടാർഗറ്റ് ചെയ്‌തിട്ടുണ്ട്, ഇവരെ തള്ളിക്കളയണം. മുകേഷ് കമ്മ്യൂണിസ്‌റ്റ്കാരൻ ആയിരിക്കാം സുരേഷ് ഗോപി ബിജെപി ആയിരിക്കാം എൽദോസ് കോൺഗ്രസ് ആയിരിക്കാം, പക്ഷേ ഇവരെല്ലാം മനുഷ്യരാണ്. അവർക്കുമുണ്ട് കുടുംബങ്ങൾ.
പോലീസുകാർ ഡിജിറ്റൽ തെളിവ് കണ്ടെത്തിയെന്നാണ് പറയുന്നത്. എന്തോന്ന് ഡിജിറ്റൽ തെളിവ്? ആ സ്ത്രീ ഇവർക്ക് അയച്ച മെസേജ് അതിന് തിരിച്ചയച്ചതല്ലേ കണ്ടെത്തിയത്. സുരേഷ് ഗോപി തോളിൽ കൈവച്ചു എന്ന് പറഞ്ഞ് ഒരു പെണ്ണ് പോയി കേസ് കൊടുത്തു. എന്ത് തരം ഭ്രാന്തിലേക്കാണ് നാട് പോവുന്നത്. ഫെമിനാസിസമാണ് ഈ നാടിന്റെ ശക്തി.
ഫെമിനിച്ചികൾ ഈ നാടിന്റെ ശത്രുക്കളാണ്. ഫെമിനിച്ചികൾക്ക് ദൈവമില്ല, സംസ്‌കാരമില്ല, കുടുംബമില്ല, വിശ്വാസമില്ല. ഇവർ നമ്മുടെ കുടുംബ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ്. അതിനെതിരെ നാം ഒന്നിച്ചു നിൽക്കണം. അതുകൊണ്ട് പൂർണമായും ശ്രീ മുകേഷിനെ പിന്തുണയ്ക്കുന്നു. കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തുന്നത് വരെ പൂർണ പിന്തുണ മുകേഷിന്.












Click it and Unblock the Notifications