വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള അന്തിമ തീരുമാനം രാഹുലിന്റേത്; പ്രതിരോധിക്കാൻ കഴിയാതെ ചെന്നിത്തല
ഉമ്മൻചാണ്ടിയുടെ അടക്കം പിന്തുണയോടെ പ്രതിപക്ഷ നേതാവായി തുടരാം എന്ന പ്രതീക്ഷയിലായിരുന്നു രമേശ് ചെന്നിത്തല
ന്യൂഡൽഹി: സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ മാറ്റത്തിന്റെ സൂചന നൽകുന്നതാണ് പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ എത്തുന്നത്. എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് നിന്നിട്ടും യുവ എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്ന സതീശനെ പ്രതിപക്ഷ നേതാവാക്കൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഹൈക്കമാൻഡിനെ സംബന്ധിച്ചടുത്തോളം ഇത് അത്ര എളുപ്പമായിരുന്നില്ല. ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനമെടുത്തത്.

ഉമ്മൻചാണ്ടിയുടെ അടക്കം പിന്തുണയോടെ പ്രതിപക്ഷ നേതാവായി തുടരാം എന്ന പ്രതീക്ഷയിലായിരുന്നു രമേശ് ചെന്നിത്തല. അവസാന നിമിഷം വരെ അതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര നിരീക്ഷകരായി എത്തിയ മല്ലികാർജുൻ ഖാർഗെയും എൻ.ബി വൈദ്യലിംഗവും പൊതുവികാരം സതീശന് അനുകൂലമാണെന്ന റിപ്പോർട്ടാണ് ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിച്ചത്. എന്നാൽ ഗ്രൂപ്പുകൾ സമ്മർദ്ദം ചെലുത്തിയതോടെ തീരുമാനം വൈകി.

രമേശ് ചെന്നിത്തല തുടരണമെന്ന നിലപാടാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ഇതോടെ പ്രശ്നത്തിലായ ഹൈക്കമാൻഡ് തീരുമാനം രാഹുലിന് വിട്ടു. സോണിയ ഗാന്ധിയുടെ നിർദേശം ലഭിച്ച രാഹുൽ മാറ്റമുണ്ടാകണമെന്ന നിലപാട് എടുത്തു. ഇതോടെയാണ് പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്.

സ്ഥാനാർഥി നിർണയത്തിലടക്കം ഗ്രൂപ്പുകൾ ഒത്തുകളിച്ചത് ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ഇനിയത് ആവർത്തിക്കാതിരിക്കാനുള്ള നീക്കം കൂടിയാണ് നേതൃത്വം സതീശന്റെ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്. എംഎൽഎമാരുടെ യോഗത്തിൽ പിന്തുണ അറിയാൻ ശ്രമിച്ചാൽ ഒത്തുകളി നടക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര നേതൃത്വം മനസിലാക്കിയിരുന്നു.

ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃപദവിയിൽനിന്ന് സ്വയം പിന്മാറാനുള്ള സാവകാശം പോലും ലഭിച്ചില്ല. ഈ സാവകാശം നൽകിക്കൊണ്ടു കൂടിയാണ് കഴിഞ്ഞദിവസങ്ങളിൽ തീരുമാനം നീട്ടിയതെങ്കിലും, ഉമ്മൻ ചാണ്ടിയുടെ കൂടി പിന്തുണയുള്ളതുകൊണ്ട് മാറേണ്ടിവരില്ലെന്ന വിശ്വാസത്തിലായിരുന്നു ചെന്നിത്തല. രാജസ്ഥാനിലും മധ്യപ്രദേശിലും മുതിർന്ന നേതാക്കൾക്ക് അവസരം തുടർന്നും നൽകിക്കൊണ്ടാണ് നേരത്തേ ഹൈകമാൻഡ് തീരുമാനം എടുത്തിരുന്നത്.

ചെന്നിത്തലയ്ക്ക് പിന്നിൽ ഉറച്ച് നിന്ന മുതിർന്ന നേതാക്കളെ ഞെട്ടിച്ച് കൊണ്ട് യുവ നിര നേതാക്കൾ വിഡി സതീശന് വേണ്ടി രംഗത്തെത്തിയതാണ് തിരിച്ചടിയായത്. കുറഞ്ഞത് 3 പേരുടെ പിന്തുണ മാത്രമേ ഐ ഗ്രൂപ്പിൽ നിന്നും സതീശന് ലഭിക്കുകയൂള്ളൂവെന്നായിരുന്നു ചെന്നിത്തല പക്ഷം കണക്ക് കൂട്ടിയത്. 8 പേരാണ് വിഡി സതീശനെ ഐ ഗ്രൂപ്പിൽ നിന്നും പിന്തുണച്ചത്. അതേസമയം എ ഗ്രൂപ്പിൽ നിന്ന് ഷാഫി പറമ്പിൽ, ടി സിദ്ധിഖ് എന്നിവർ കൂടി വിഡി സതീശന് വേണ്ടി രംഗത്തെത്തിയതോടെ ചെന്നിത്തലയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി.

അതേസമയം കെസി വേണുഗോപാലിന്റെ നിലപാടുകളും വിഡി സതീശനെ തിരഞ്ഞെുക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഗ്രൂപ്പുകളിയുടെ അതിപ്രസരത്തെ കുറിച്ച് ഹൈക്കമാന്റിനെ അദ്ദേഹം ബോധ്യപ്പെടുത്തിയിരുന്നു. കെസിയുടെ നിർണായക ഇടപെടൽ രാഹുലിന്റെ തിരുമാനത്തേയും സ്വാധീനിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications