പോക്‌സോ കേസില്‍ മാത്യൂ കുഴല്‍നാടന്‍ ഹാജരായിട്ടില്ല; രേഖ പുറത്ത് വിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: പോക്‌സോ കേസില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പ്രതിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സൈബര്‍ സഖാക്കള്‍ നുണ പറഞ്ഞുപരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം താന്‍ പറഞ്ഞപ്പോള്‍ സഖാക്കള്‍ അനാവശ്യമായ ചര്‍ച്ച നടത്തുകയാണ്. മാത്യു കുഴല്‍നാടന്‍ ഹാജരായി എന്ന സിപിഎം വാദം തെറ്റാണ്. ഹാജരായി എന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്റെ രാജി ആവശ്യപ്പെടുമെന്ന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വിവാദമായ പോക്‌സോ കേസില്‍ പ്രതിക്ക് വേണ്ടി ആരാണ് കോടതിയില്‍ ഹാജരായത് എന്ന് തെളിയിക്കുന്ന രേഖയും രാഹുല്‍ പുറത്തുവിട്ടു. ഇതില്‍ മറ്റൊരു അഭിഭാഷകന്റെ പേരാണുള്ളത്. സഖാക്കള്‍ മാത്യു കുഴല്‍നാടന്‍ ഹാജരായി എന്ന രേഖ കാണിക്കാത്തിടത്തോളം കാലം താന്‍ പുറത്തുവിട്ട രേഖ അംഗീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വീണ്ടും വീണ്ടും നുണകള്‍ ആവര്‍ത്തിച്ചാല്‍ സത്യം സത്യമാല്ലാതാകില്ല. വസ്തുത വളച്ചൊടിക്കലില്‍ നിങ്ങള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ അതു തുടര്‍ന്നോളൂ എന്നും നിങ്ങളുടെ നിലവാരത്തിലേക്ക് ഇറങ്ങാന്‍ തയ്യാറാല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞൊരു കാര്യത്തെ കുറിച്ച് രണ്ട് മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയ സ്‌പെയ്സില്‍ സഖാക്കള്‍ വലിയ ചര്‍ച്ചയാണല്ലോ...
അതിന് മറുപടി പറയാമെന്നു കരുതി.
പോക്‌സോ കേസ് പ്രതിക്ക് വേണ്ടി മാത്യു കുഴല്‍നടന്‍ 'ഹാജരായി' എന്ന സിപിഎം വാദത്തോട്, അങ്ങനെ 'മാത്യു കുഴല്‍നാടന്‍ ഹാജരായി' എന്ന് തെളിയിക്കുകയാണെങ്കില്‍ അദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന എന്റെ അഭിപ്രായം സത്യം തന്നെയാണ്. ഞാന്‍ ഇന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു, വീണ്ടും ആ നിലപാട് ആവര്‍ത്തിക്കുന്നു.
ഒരു കടലാസ് കഷ്ണം പൊക്കി പിടിച്ചു കൊണ്ട് മാത്യു കുഴല്‍നാടന്‍ പ്രതിക്ക് വേണ്ടി ഹാജരായി എന്നും, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞ പോലെ രാജി ആവശ്യപ്പെടണമെന്നുമാണ് ചില ഓണ്‍ലൈന്‍ പത്രങ്ങളും, ദേശാഭിമാനിയും പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഞാന്‍ ഈ പോസ്റ്റിനോപ്പം കോടതി ഉത്തരവ് കൂടി പങ്ക് വക്കുകയാണ്. ആരാണ് ചര്‍ച്ചക്ക് കാരണമായ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് എന്നതിന്റെ തെളിവാണിത്. ഇതില്‍ മാത്യു കുഴല്‍നാടന്‍ എന്നാണോ കാണുന്ന പേര്?
ആരാണ് ഹാജരാകുന്നത് എന്നതിനെ സംബന്ധിച്ച് ആധികാരികമായ രേഖ കോടതിയില്‍ നിന്നുള്ള ഉത്തരവോ, വിധിപ്പകര്‍പ്പോ ആണ്. അതില്‍ മറ്റൊരു അഭിഭാഷകന്റെ പേരാണ് ഉള്ളത്. എന്നിട്ടും, പ്രതിക്ക് വേണ്ടി മാത്യു കുഴല്‍നാടന്‍ ഹാജരായി എന്ന നുണ പ്രചരിപ്പിക്കുകയും, അത് തെളിയിക്കാന്‍ വെല്ലുവിളിച്ചു കൊണ്ടുള്ള എന്റെ ഡയറക്ട് ചോദ്യത്തിന് പിടി തരാതെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു തടി തപ്പുകയുമാണ് സഖാക്കള്‍.
ഒരിക്കല്‍ കൂടി പറയുന്നു.
മാത്യു കുഴല്‍നാടനാണ് ഹാജരായത് എന്ന വാദം തെളിയിക്കുന്ന രേഖ കാണിക്കൂ. അതിന് കഴിയാത്ത പക്ഷം ഞാന്‍ പങ്ക് വച്ച രേഖ പ്രകാരം മാത്യു കുഴല്‍നാടനല്ല ഹാജരായത് എന്ന സത്യം നിങ്ങള്‍ അംഗീകരിക്കണം.

(രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച രേഖ)
വീണ്ടും വീണ്ടും നുണകള്‍ പറഞ്ഞാലോ, എന്നെ പരിഹസിച്ചാലോ, 'കോപ്പി പേസ്റ്റ് ' കമന്റിട്ടാലോ സത്യം സത്യമല്ലാതാകുന്നില്ല.
നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത് ഇത്തരം സൈബര്‍ ഇടങ്ങളിലെ നുണ പ്രചാരണങ്ങളും,വസ്തുത വളച്ചൊടിക്കല്‍ പരിപാടികളുമാണെങ്കില്‍ അത് തുടര്‍ന്നോളൂ.
സഖാക്കളുടെ നിലവാരത്തിലേക്ക് ഇറങ്ങി ആടിനെ പട്ടിയാക്കുന്ന രാഷ്ട്രീയ ശൈലി ശീലിച്ചിട്ടില്ലാത്തത് കൊണ്ട് സത്യമെന്ന് തോന്നുന്നതെ പറയാറുള്ളൂ. അതില്‍ ധാര്‍മികതയുടെ അംശമുണ്ട്. അത് കൊണ്ട് കുപ്രചാരണങ്ങള്‍ക്കിടയിലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുന്നു. അതാണ് നിങ്ങളുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം.












Click it and Unblock the Notifications