കേരളത്തില്‍ അടുത്ത 3 ദിവസം അതിശക്തമായ മഴ, 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കാലവര്‍ഷം മെയ് 31ന് എത്തും
തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും മഴ കനക്കും. നാല് ജില്ലകളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം പറഞ്ഞു. ആലപ്പുഴ, കോട്ടയം, ഇടുക്കി. പത്തനംതിട്ട ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലെത്തിയതായും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

മെയ് 31ഓടെ കേരളത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. തുടര്‍ന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലായ് പതിനഞ്ചോടെ രാജ്യത്താകെ വ്യാപിക്കും. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി നില്‍നില്‍ക്കുന്നുണ്ട്. തെക്കന്‍ ഛത്തീസ്ഗഡില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടിരുന്നു. മറ്റൊരു ന്യൂനമര്‍ദ പാത്തി മറാത്ത് വാഡയില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട് വഴി ചക്രവാത ചുഴിയിലേക്ക് നീണ്ടുനില്‍ക്കുന്നു.
അതേസമയം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22ഓടെ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം കണ്ണൂര്‍, കാസര്‍കോട് അടക്കമുള്ള 7 ജില്ലകളിലാണ് യെല്ലോ അര്‍ട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ മെയ് 19, 20, 21 തിയതികളില്‍ അതി തീവ്രമായ മഴയ്ക്കും മെയ് 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം പത്തനംതിട്ട കനത്ത മഴയെ തുടര്‍ന്ന് പള്ളി സെമിത്തേരിയുടെ കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു.
പുറമറ്റം കവുങ്ങും പ്രയാര്‍ മാര്‍ത്തോമ പള്ളിയുടെ സെമിത്തേരി മതിലാണ് തകര്‍ന്നത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേക്ക് മാറ്റി. മതില്‍ തകര്‍ന്നതിന്റെ ചിത്രങ്ങളുടെ വീഡിയോകളും പുറത്തുവന്നു. കല്ലറ തകര്‍ന്നെന്ന് പള്ളി അധികൃതര്‍ സ്ഥിരീകരിച്ചു.
എന്നാല്‍ ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം അധികൃതര്‍ നിഷേധിച്ചു. ജില്ലയില്‍ അതിശക്തമായ മഴയില്‍ ഗവി മൂഴിയാറിന് സമീപം മണ്ണിടിഞ്ഞു. കുമളിയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസ് വഴിയില്‍ കുടുങ്ങി. രാവിലെ എട്ട് മണിയോടെയായിരുന്നു മൂഴിയാറില്‍ മണ്ണിടിഞ്ഞത്.












Click it and Unblock the Notifications