ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും; കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിൽ വരും മണിക്കൂറുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്, തെക്ക് കിഴക്കൻ അറബിക്കടലിനും കേരള - ലക്ഷദ്വീപിന് മുകളിൽ ആയി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകളിൽ ചക്രവാതച്ചുഴി തെക്ക് കഴിക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ ഇരുപത്തിയൊന്നോടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.
അതേസമയം, തമിഴ്‌നാട് തീരത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതും മഴയ്ക്ക് കാരണം ആയേക്കാം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള - തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.
അതേസമയം, സംസ്ഥാനത്ത് ഈ മാസം പനി ബാധിച്ച് മരിച്ചത് 32 പേരാണ്. മരിച്ചവരിൽ 20 പേർക്ക് എലിപ്പനിയും 10 പേർക്ക് ഡെങ്കിപ്പനിയും ആയിരുന്നു. എലിപ്പനി ബാധിച്ച് ഇന്നലെ മാത്രം രണ്ട് പേർ മരിച്ചു. 8659 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. മലപ്പുറം, കോഴിക്കോട്, എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ രോഗികൾ.
ഇന്നലെ മാത്രം 44 പേർക്ക് ഡെങ്കിപ്പനിയും 6 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് 708 പേർക്കാണ്, 150 പേർക്ക് എലിപ്പനിയും ബാധിച്ചു. എലിപ്പനിക്കെതിരെ കനത്ത ജാഗ്ര വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കനത്ത മഴയെ തുടർന്ന് വെള്ളം ഇറങ്ങുന്നു സമയമായതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതത പുലർത്തണം എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.












Click it and Unblock the Notifications