സംസ്ഥാനത്ത് ശക്തമായ മഴ; കണ്ണൂരിൽ ഒരു മരണം,കാസർഗോഡ് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.അസം സ്വദേശി ഗോപാൽ വർമനാണ് (33) മരിച്ചത്.കണ്ണൂർ കരിവെള്ളൂർ ചൂരൽ ഓയോളത്ത് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞാണ് മരണം. കൂടെയുണ്ടായിരുന്ന ടിപ്പോർ ഡ്രൈവർ ജിതിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലസ്ഥാനത്തടകം അതിശക്തമായ മഴ തുടരുകയാണ്. കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. മരണം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകളും പൊട്ടിയിട്ടുണ്ട്. മഴ ശക്തമായതോടെ വിവിധയിടങ്ങളിൽ കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.
അടുത്ത മൂന്ന് ദിവസം കാസർഗോഡ് ജില്ലയിൽ റെഡ് അലെർട്ടും മഴ അതി ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് അറിയിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. ക്വാറികളുടെ പ്രവർത്തനം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിർത്തിവക്കേണ്ടതാണെന്നും കളക്ടർ വ്യക്തമാക്കി.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആളുകൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണെന്നും വകുപ്പ് അറിയിച്ചു.
ശനിയാഴ്ച രാവിലെ 11.30 മുതൽ രാത്രി 8.30 വരെ കണ്ണൂർ-കാസറഗോഡ് (വളപട്ടണം മുതൽ ന്യൂമാഹി വരെ & കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരങ്ങളിൽ 3.2 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.
അടുത്ത 2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 7 ദിവസം പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായേക്കും. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം ശക്തികൂടിയ ന്യുനമർദ്ദമായി മാറിയിട്ടുണ്ട്. വടക്കോട്ടു നീങ്ങുന്ന ന്യുനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചേക്കും.
27 ഓടെ മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും വകുപ്പ് പറഞ്ഞു. തത്ഫലമായി
കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 24 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതൽ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
അതേസമയം നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications