സംസ്ഥാനത്ത് ശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ കോഴിക്കോട് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലൊഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അറബിക്കടലിലെ ന്യൂന മർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി മാറി. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ ഉള്ളിൽ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്
കേരളത്തിൽ അടുത്ത 5 ദിവസം മിതമായതോ ഇടത്തരം മഴയ്ക്കോ അല്ലെങ്കിൽ ഇടി മിന്നലോട് കൂടിയതോ ആയ മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൊല്ലത്ത് ചിതറയിൽ കാറ്റിൽ കാറിന് മുകളിലും കെട്ടിടത്തിന് മുകളിലും മരം വീണു. ആർക്കും അപകടം പറ്റിയിട്ടില്ല. ചെങ്ങന്നൂർ ബുധനൂരിൽ 2 വീടുകളുടെ മേൽക്കൂര തകർന്നു. കൊച്ചിയിൽ പല ഭാഗത്തും വെള്ളക്കെട്ട് ഉണ്ട്.
കനത്ത മഴ തുടരുന്ന സഹാചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും മലയോര. കായലോര, കടലോര മേഖലയിലേക്ക് അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളിയാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം












Click it and Unblock the Notifications