പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരണം നല്‍കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ പാര്‍ട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. പൊതുമേഖല സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും പിണറായി വിജയന്‍ പാര്‍ട്ടിയെ ബോധിപ്പിച്ചു.

നാളത്തെ സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് വിവാദം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഇന്ന് വിശദീകരണം നല്‍കിയത്. പാര്‍ട്ടിയുമായി ആലോചിക്കാതെ പെന്‍ഷന്‍ പ്രായം കൂട്ടിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടി സെക്രട്ടറിയായ ശേഷം ആദ്യമായാണ് സര്‍ക്കാറിന്റെ തീരുമാനത്തെ എംവി ഗോവിന്ദന്‍ പരസ്യമായി വിമര്‍ശിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാര്‍ തിരുത്തിയെങ്കിലും പ്രശ്‌നത്തില്‍ കടുത്ത ആശയ ഭിന്നതയാണ് പാര്‍ട്ടിയിലും സര്‍ക്കാറിലുമിപ്പോഴുമുള്ളത്.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പെന്‍ഷന്‍ പ്രായം 60 വയസാക്കിയ തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചത്. പെന്‍ഷന്‍ പ്രായം 60 വയസാക്കിയ തീരുമാനത്തിന് എതിരെ ഭരണ കക്ഷികളായ സി പി എമ്മിന്റേയും സി പി ഐയുടേയും യുവജന സംഘടനകളായ ഡി വൈ എഫ് ഐയും എ ഐ വൈ എഫും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെകട്ടറിയേറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. 122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെ പുതിയ ഉത്തരവ് ബാധക മാവുകയാണെന്നും
ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡി വൈ എഫ് ഐ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.












Click it and Unblock the Notifications