രാമക്ഷേത്ര പ്രതിഷ്‌ഠ; മോഹൻലാലിനും ക്ഷണം, ആർഎസ്‌എസ് നേതാക്കൾ ക്ഷണപത്രം കൈമാറി
തിരുവനന്തപുരം: ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കാൻ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർഎസ്എസ് പ്രവർത്തകർ. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ അനൂപ് കുമാർ തുടങ്ങിയവ നേതാക്കളാണ് മോഹൻലാലിനെ നേരിൽ കണ്ട് ക്ഷണിച്ചത്.
ഇതോടൊപ്പം അയോധ്യയിൽ പൂജിച്ച അക്ഷതവും, ക്ഷണപത്രവും ഇവർ മോഹൻലാലിന് കൈമാറി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

'സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടൻ ശ്രീ മോഹൻലാൽ സംഘത്തിന്റെ പ്രാന്തപ്രചാരകൻ സുദർശൻജിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങി' ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിനൊപ്പം കെ. സുരേന്ദ്രൻ എഴുതി.
അടുത്തിടെ മലയാളത്തിൽ നിന്ന് ഒട്ടനവധി സിനിമാ താരങ്ങൾ അയോധ്യയിൽ നിന്നെത്തിച്ച അക്ഷതം ഏറ്റുവാങ്ങിയിരുന്നു. നടൻമാരായ ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ അക്ഷതം സ്വീകരിച്ചിരുന്നു. അനുഷ്‌ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം.
നേരത്തെ, ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനും ആർഎസ്എസ് നേതാക്കൾ നേരിട്ടെത്തി അക്ഷതം കൈമാറുകയും ക്ഷണപത്രം നൽകുകയും ചെയ്‌തിരുന്നു. പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സിസി ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് കൊട്ടാരക്കര വാളകത്തുള്ള ഗണേഷ് കുമാറിന്റെ വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണിച്ചത്.
അതേസമയം, ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6000ത്തിലധികം വിശിഷ്‌ട വ്യക്തികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സിനിമാ-കായിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ, കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, നടന്മാരായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ എന്നിവരെ ഉൾപ്പെടെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയ്ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കും ക്ഷണം ലഭിച്ചിരുന്നു.












Click it and Unblock the Notifications