രാമനാട്ടുകര-കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡ് വീതി കൂട്ടും, 24 മീറ്ററില്‍ നാലുവരിപ്പാത; ഏറ്റെടുക്കുക ഇത്രയും ഭൂമി
ദേശീയപാത 66 ന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ക്ക് കൂടി കേന്ദ്രത്തിന്റെ അനുമതി. മലബാറിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നു എന്നതാണ് ഇതില്‍ പ്രധാനം. പതിറ്റാണ്ടുകളായി രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് വീതി കൂട്ടണം എന്ന ആവശ്യമുയരുന്നുണ്ട്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള പ്രധാന പാത എന്നതിനൊപ്പം തന്നെ കോഴിക്കോട്-പാലക്കാട് ഹൈവേയിലെ പ്രധാനപ്പെട്ട ഭാഗമായതിനാലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കായി നിരവധി പേര്‍ ഉപയോഗിക്കുന്നതിനാലും രാമനാട്ടുകര മുതല്‍ കൊണ്ടോട്ടി കൊളത്തൂര്‍ വരെയുള്ള ഭാഗത്ത് വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. അതിനാല്‍ തന്നെ ഈ പാത ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാകും.

പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി പി ആര്‍) തയ്യാറാക്കുന്നതിന് ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി ഇതിന് വേണ്ട ഏജന്‍സിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചത്. കേന്ദ്രാനുമതി ലഭിച്ചതോടെ ഇനി നടപടികള്‍ വേഗത്തിലാകും.
നേരത്തെ രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് അടക്കം അഞ്ച് പാതകള്‍ ദേശീയപാതയായി ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സംസ്ഥാനം മുന്നോട്ടു വെച്ച നിര്‍ദേശവും കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നേരത്തെ ദേശീയപാത അതോറിറ്റി കോഴിക്കോട് - പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവെ പദ്ധതി ആരംഭിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ അലൈന്‍മെന്റില്‍ ഈ ഭാഗം ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെ കരിപ്പൂര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള ഭാഗം വീതി കൂട്ടണം എന്ന ആവശ്യം ശക്തമായി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കിഫ്ബി വഴി റോഡ് നവീകരണത്തിനുള്ള ശ്രമം സംസ്ഥാന പൊതുമരാമത്ത് വിഭാഗം നടത്തിയിരുന്നു. ഡിപിആര്‍ തയ്യാറാക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അലൈന്‍മെന്റ്, സാധ്യതാപഠനം എന്നിവ നടത്താന്‍ ഒരുങ്ങിയിരുന്നു.
ഇതിനായി 33.70 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഡിവൈഡര്‍, നടപ്പാത, ഓട, ബസ് ബേ, വിശ്രമകേന്ദ്രം, ശൗചാലയം കോംപ്ലക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായത്. അതേസമയം കേന്ദ്രത്തിന്റെ ഡിപിആറില്‍ ഇതില്‍ ചില മാറ്റങ്ങള്‍ വന്നേക്കും.
രാമനാട്ടുകരയില്‍ ദേശീയപാത 66 സംഗമിക്കുന്ന ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ കൊണ്ടോട്ടി കൊളത്തൂര്‍ ജംഗ്ഷന്‍ വരെ 12 കിലോ മീറ്ററാണ് ദൂരം. ഈ 12 കിലോമീറ്ററിലും 24 മീറ്റര്‍ വീതിയില്‍ ആയിരിക്കും വീതി കൂട്ടി നാല് വരിപാതയാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. രാമനാട്ടുകര ബൈപ്പസ് ജംഗ്ഷന്‍, ഐക്കരപ്പടി, പുളിക്കല്‍, കൊട്ടപ്പുറം, കൊളത്തൂര്‍ ജംഗ്ഷന്‍ എന്നിങ്ങനെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളില്‍ പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്.
നിലവില്‍ രണ്ട് വരി പാതയാണ് ഇവിടെയുള്ളത്. നാല് വരിയായി ഉയര്‍ത്തുന്നതോടെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും എന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും പ്രതീക്ഷ. അതേസമയം 12 കിലോ മീറ്റര്‍ പരിധിയില്‍ നിരവധി ആരാധനാലയങ്ങള്‍, കെട്ടിടങ്ങള്‍, വീടുകള്‍, വ്യാപരകേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയുണ്ട്. റോഡ് വികസനത്തിനായി 12 ഹെക്ടര്‍ ഭൂമിയായിരിക്കും ഇവിടെ ഏറ്റെടുക്കേണ്ടി വരിക.












Click it and Unblock the Notifications