'സന്ദീപ് ആർക്ക് വേണ്ടി പണം വാങ്ങി? തെളിഞ്ഞാൽ ചവിട്ടി പുറത്താക്കാൻ മുന്നിൽ കാണും'; രാമസിംഹൻ
കൊച്ചി: സന്ദീപ് വാര്യര്‍ക്കെതിരായ നടപടിയിൽ സംസ്ഥാന ബി ജെ പി നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി രാമസിംഹൻ.സന്ദീപ് ചെയ്ത തെറ്റ് എന്താണെന്ന് പറയാനുള്ള നട്ടെല്ല് നേതൃത്വത്തിനുണ്ടാകണമെന്ന് രാമസിംഹൻ പറഞ്ഞു. സന്ദീപിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് പ്രവർത്തകരോട് പറയണം. അണികളുടെ ശക്തികൊണ്ടാണ് ഇവരൊക്കെ നേതാവാകുന്നത്. അവരെ മറന്നിട്ട് ആരൊക്കെ മുന്നോട്ട് പോയാലും ആ പ്രസ്ഥാനം വളരുകയല്ല തകരുക മാത്രമേ ചെയ്യുള്ളൂവെന്നതാണ് കാലത്തിന്റെ നീതി, അധ്യക്ഷൻ കെ സുരേന്ദ്രനെ ഉന്നമിട്ട് രാമസിംഹൻ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിക്കാം.

'പണ്ടത്തെ കാലമല്ല, എല്ലാം ജനങ്ങൾ കാണുന്നുണ്ട്. പാർട്ടിക്ക് വേണ്ടി സംസാരിക്കുന്ന ആളുകൾ പെട്ടെന്ന് ടിവിയിൽ നിന്നും അപ്രത്യക്ഷരാകുക, അതും കാര്യങ്ങൾ അറിഞ്ഞ് പഠിച്ച് സംസാരിക്കുന്നവർ, അവർ എങ്ങോട്ടാണ് പോകുന്നത്, എങ്ങോട്ടാണ് ഉൾവലിയുന്നത് എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ടാകും.ഇപ്പോൾ അവസാനമായി ഇത്തരത്തിൽ പുറത്തായ വ്യക്തി സന്ദീപ് വാര്യറാണ്. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. സന്ദീപിനെ എന്ത് കൊണ്ട് പുറത്താക്കി എന്ന് അറിയാനുള്ള അവകാശം പാർട്ടിയിൽ അംഗത്വമെടുത്തവർക്ക് ഇല്ലേ? തെറ്റ് പുറത്ത് പറയാനുള്ള നട്ടെല്ല് സംസ്ഥാനാന നേതൃത്വം കാണിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെന്ന് മനസിലായാൽ ജനങ്ങൾ പാർട്ടി നടപടി അംഗീകരിക്കും. ഞങ്ങൾക്കും അദ്ദേഹം തെറ്റ് ചെയ്തെന്ന് ബോധ്യപ്പെടേണ്ടേ?'

'സജീവമായി നിന്നവർ പെട്ടെന്ന് മാഞ്ഞ് മാഞ്ഞ് നിഴലായി പോകുകയെന്നത് എങ്ങനെ അംഗീകരിക്കും? ഒന്നും ചെയ്യാനില്ലാതെ അവർ മൂലക്കായി പോകും. പതിയെ അവരെയെല്ലാവരും മറന്ന് പോകും. പാർട്ടിക്ക് വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ചവരെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തിയാൽ അവർ എന്താണ് ചെയ്യുക? അവരുടെ നാവുകൾ തുന്നിക്കെട്ട് വെച്ചിരിക്കുകയാണ്. തന്റെ കീഴിലുള്ള പൊതുപ്രവർത്തകരെ നേതാക്കൾക്ക് മനസിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ അവർ രാഷ്ട്രീയക്കാരല്ല. അവർ ഏകാധിപതികളാണ്'.

'അണികളുടെ ശക്തികൊണ്ടാണ് ഇവരൊക്കെ നേതാവാകുന്നത്. അവരെ മറന്നിട്ട് ആരൊക്കെ മുന്നോട്ട് പോയാലും ആ പ്രസ്ഥാനം വളരുകയല്ല തകരുക മാത്രമേ ചെയ്യുള്ളൂവെന്നതാണ് കാലത്തിന്റെ നീതി. സന്ദീപ് വാര്യർക്കെതിരെ ആരോപണം ഉയർന്നത് കൊണ്ട് നടപടിയെടുക്കാൻ പറ്റുമോ? അതിന് തെളിവ് വേണ്ടേ? കെ സുരേന്ദ്രനെതിരേയും ആരോപണം ഉയർന്നിട്ടില്ലേ?'

'സന്ദീപ് ആർക്ക് വേണ്ടി പണം വാങ്ങി, എത്ര പണം വാങ്ങി എന്നൊക്കെ അറിയണ്ടേ? അങ്ങനെ അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇവിടെ പോലീസ് ഇല്ലേ? പണം വാങ്ങിയാലും പെണ്ണ് കേസിൽ പെട്ടാലുമെല്ലാം അതൊക്കെ പുറത്ത് വരണം. സന്ദീപ് പണം വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അയാളെ ചവിട്ടി പുറത്താക്കാൻ ഞാൻ തന്നെ മുന്നിൽ കാണും. പക്ഷേ തെളിവ് വേണം'.

'പെട്രോൾ പമ്പ് വാങ്ങാനുള്ള കപ്പാസിറ്റി സന്ദീപിന് ഉണ്ടോയെന്ന് എനിക്ക് കൂടി അറിയണ്ടേ. അദ്ദേഹം ഏത് മന്ത്രിയുടെ ആളാണ്? ഇതൊക്കെ ഒരു മറയാണ്. പുറകിൽ നിന്ന് വാർത്തകൾ ഉണ്ടാക്കുകയാണ്.തെളിവുകൾ ഉണ്ടെങ്കിൽ ഇന്ന മന്ത്രിയിൽ നിന്നും ഇത്ര ലക്ഷം രൂപ സന്ദീപ് വാര്യർ വാങ്ങിയെന്ന് അവർ തെളിവ് വെക്കട്ടെ. അങ്ങനെയൊന്നും വന്നില്ലല്ലോ. അങ്ങനെ വന്നാൽ ഞങ്ങൾ അംഗീകരിക്കാം', രാമസിംഹൻ പറഞ്ഞു.












Click it and Unblock the Notifications