'ഒളിപ്പിച്ച ശേഷം പോലീസ് വിദ്യയെ തേടുന്നു; മോദിയും പിണറായിയും തമ്മിലെന്ത് വ്യത്യാസം'
കൊച്ചി: വ്യാജരേഖാ വിവാദത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത് മൗനികളാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മോദി സര്‍ക്കാരിന്റെ അതേ പാതയിലൂടെയാണ് പിണറായി സര്‍ക്കാരും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജ രേഖ ചമച്ച വിദ്യയെ ഒളിപ്പിച്ച ശേഷമാണ് പോലീസ് വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിക്കുന്നത്. പരീക്ഷാ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വായ തുറക്കുന്നതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ചെന്നിത്തലയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ...

എസ്എഫ്‌ഐ നേതാക്കളുടെ പരീക്ഷാ തട്ടിപ്പും വെട്ടിപ്പും പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ അതേ പാതയിലൂടെയാണ് പിണറായി വിജയന്‍ സര്‍ക്കാരും സഞ്ചരിക്കുന്നത്. വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പിണറായി വിജയന്റെ പോലീസ്.
പരീക്ഷ എഴുതാതെ പാസ്സായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ ഗുതുതരമായ തെറ്റിനെതിരെ നടപടിയെടുക്കാതെ തട്ടിപ്പ് കണ്ടുപിടിച്ച് പൊതു സമൂഹത്തെയറിയിച്ച മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ കേസ്സെടുക്കുന്ന നടപടി കേരളത്തിലാദ്യമായിട്ടാണ്.
അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാന്‍ വേണ്ടിമാത്രം വാ തുറക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷ് പതിവു തെറ്റിക്കാതെ പരീക്ഷാ തട്ടിപ്പുക്കാരെയും ന്യായീകരിക്കാനെത്തിയത് എത്ര മാത്രം അധ:പതിച്ച നടപടിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിക്കുന്ന ഗോവിന്ദന്‍ മാഷിന്റെ ശൈലി സംഘ പരിവാര്‍ ശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.
തെറ്റുകള്‍ തിരുത്തി പോകുന്നതിനു പകരം തെറ്റിനെ മറികടക്കുവാന്‍ ഗുരുതരമായ തെറ്റുകളിലേക്ക് സര്‍ക്കാരും സിപിഎമ്മും നീങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ് അംഗീകരിക്കാന്‍ കഴിയാത്തതാണ്.- ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications