രണ്‍ജിത്ത് ശ്രീനിവാസന്‍ കേസ്: അന്വേഷണ സംഘത്തിന് പാരിതോഷികം പ്രഖ്യാപിച്ച് ഡിജിപി
തിരുവനന്തപുരം: രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് പാരിതോഷികം നല്‍കാന്‍ ഉത്തരവ്. അന്വേഷണ സംഘത്തെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അഭിനന്ദിച്ചു. കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു.
കേസന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. പോലീസ് മേധാവി തന്നെയാണ് പാരിതോഷികം നല്‍കാന്‍ ഉത്തരവിട്ടത്. മുന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവില്‍ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടാണ് കോടതി വധശിക്ഷ പ്രഖ്യാപിക്കാറുള്ളത്. അത്തരമൊരു വിധിയിലേക്ക് അന്വേഷണ സംഘത്തിന് ഈ കേസിനെ എത്തിക്കാന്‍ സാധിച്ചു. അതുപോലെ പ്രതികളെ വേഗത്തില്‍ പിടികൂടാനും, കൃത്യമായ തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാനും പോലീസിന് സാധിച്ചിരുന്നു.
എല്ലാ അര്‍ത്ഥത്തിലും അന്വേഷണ സംഘം മികവ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഡിജിപി പറഞ്ഞു. നേരത്തെ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ ജയദേവും വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രോസിക്യൂട്ടര്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പങ്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വീണ്ടുമൊരു അക്രമം ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും, അതില്‍ പോലീസ് വിജയിച്ചുവെന്നും ജയദേവ് പറഞ്ഞു.
കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു പോലീസുകാര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു പതിനഞ്ച് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്യില്‍ നേരിട്ട് പങ്കാളികളായ പന്ത്രണ്ട് പേരും മുഖ്യ ആസൂത്രകനായ മൂന്ന് പേരുമാണ് വിചാരണ ആദ്യ ഘട്ടത്തില്‍ നേരിട്ടത്.
പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. പ്രതികള്‍ രണ്‍ജീത്തിനെ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം.












Click it and Unblock the Notifications