Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ ജോലി വര്‍ക്കാകുന്നുണ്ട്, അതാണ് ഈ ആക്രമണം; 'വേടനോട് ആശയപരമായി മുട്ടിയാല്‍ ജയിക്കില്ല'

കൊച്ചി: റാപ്പര്‍ വേടന് എതിരെയുള്ള ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. കഞ്ചാവോളി എന്ന് വിശേഷിപ്പിച്ചാണ് ഒരു പൊതുപരിപാടിയില്‍ ശശികല വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ അധിക്ഷേപിച്ചത്. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികവര്‍ഗക്കാരുടെയും പട്ടിക ജാതിക്കാരുടെയും തനതായ കലാരൂപം എന്ന് ശശികല ചോദിച്ചിരുന്നു. ശശികലയുടെ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. ഒരു വശത്ത് വേടനെ അനുകൂലിച്ചും ശശികലയെ വിമര്‍ശിച്ചും ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മറ്റൊരു വിഭാഗം ശശികലയുടെ വാക്കുകളെ പിന്തുണയ്ക്കുന്നുമുണ്ട്.

ശശകല നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളോട് വേടന്‍ ഇന്ന് മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. റാപ്പ് ഇവിടുത്തെ പട്ടിക വര്‍ഗക്കാരുടെയും പട്ടിക ജാതിക്കാരുടെയും തനതായ കലാരൂപം ആണോ എന്ന ശശികലയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 'നിങ്ങള്‍ അതു മാത്രം ചെയ്താല്‍ മതി എന്ന ദാര്‍ഷ്ട്യത്തില്‍ നിന്നുകൊണ്ട് സംസാരിക്കുന്നതുപോലെയാണ് തനിക്ക് തോന്നിയത്' എന്ന വേടന്റെ പ്രസ്താവന ശശികലയ്ക്കുള്ള കൃത്യമായ മറുപടിയാണെന്നാണ് പലരും അഭിപ്രായം പങ്കുവെക്കുന്നു.

vedan

താന്‍ റാപ്പ് പാടും. പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനെ. എന്നാല്‍ ക്ലാസിക് പാടാനുള്ള തൊണ്ട തനിക്ക് ഇല്ലാതെപോയി അല്ലെങ്കില്‍ അതും പാടുമായിരുന്നുവെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

വേടന്റെ വാക്കുകള്‍: 'എന്നെ വിഘടനവാദിയാക്കാനും തീവ്രവാദിയാക്കാനുമുള്ള ശ്രമത്തിലാണ്. അതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാന്‍ എന്റെ ജോലിയാണ് ചെയ്യുന്നത്. ഞാന്‍ ജാതിവെറിയുള്ള പാട്ടുകള്‍ ഉണ്ടാക്കുന്നെന്നാണ് പറയുന്നത്.. വെട്രിമാരനും, പാ രഞ്ജിത്തും വന്ന ശേഷമാണ് ജാതീയത ഉണ്ടായത് എന്നു പറയുന്നപോലെ മണ്ടത്തരമാണ് അത്..
ഇത് ഒറ്റപ്പെട്ട ഒരു വേടനെതിരേയുള്ള ആക്രമണമല്ല, കാലങ്ങളായി തുടരുന്ന ഈ ഐഡിയോളജിക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണമാണ്. ഞാന്‍ ജനാധിപത്യത്തിന്റെ കൂടെനിന്നു സാധാരണ ജനങ്ങള്‍ക്കായി പണിയെടുക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്..'

താന്‍ ചെയ്യുന്നത് 'വര്‍ക്ക്' ആവുന്നുണ്ട്, നമ്മുടെ ജോലി 'വര്‍ക്ക്' ആവുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ വളഞ്ഞിട്ടുള്ള ആക്രമിക്കലെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി വേടന്‍ പറഞ്ഞു.

വേടന്റെ വാക്കുകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വേടന്റെ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ് ഇങ്ങനെയാണ് - 'വേടനോട് ആശയപരമായി മുട്ടിയാല്‍ ജയിക്കാന്‍ സംഘപരിവാറിന് സാധിക്കില്ല. ഭരണകൂട വേട്ട എന്ന സ്ഥിരം ഫോഴ്‌സ് ഉപയോഗിച്ചായിരിക്കും വേടനെയും നേരിടുന്നത്. വേടനൊപ്പം ആദ്യം മുതല്‍ എന്ത് കൊണ്ട് നിന്നു എന്നതിന് ഉത്തരമാണ് നിലപാടുള്ള തെളിമയുള്ള അവന്റെ മറുപടികള്‍'.

വേടന്റെ പിന്നില്‍ ആരാണെന്നുള്ള ചോദ്യത്തിനും മറുപടി നല്‍കുന്നുണ്ട് - 'എനിക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് പലരും പറയുന്നതു കേട്ടു. എന്നെ കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഞാന്‍ ആരാണെന്ന് അറിയാം. അതുകൊണ്ടുതന്നെ ഭയമില്ല. ജനങ്ങള്‍ നല്‍കുന്ന പണംകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്'.

സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടും വേടന്‍ പ്രതികരിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കലാകാരനാണ് ഞാന്‍. ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. അതേസമയം, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ കൂടെ നില്‍ക്കുക എന്നത് ഒരു പൗരന്റെ കടമ കൂടിയാണ്' - വേടന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+