'റിപ്പോര്‍ട്ടര്‍ ചാനലാണല്ലേ..? ഉള്ളത് പറഞ്ഞാല്‍ മറ്റേയാള്‍ക്ക് തുള്ളല്‍'; നിയമനക്കോഴയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ നിയമന കോഴ ആരോപണം കള്ളമെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ തമ്മിലെ മത്സരത്തിന് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കള്ളവാര്‍ത്തയ്ക്ക് വന്‍ പ്രചാരണം നല്‍കി ശുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
നിയമന കോഴയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിങ്ങളെല്ലാവരും റിപ്പോര്‍ട്ട് ചെയ്തല്ലോ. അത് സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍ പറ്റുമെങ്കില്‍ ചെയ്യുക. നല്ല രീതിയില്‍ നടക്കുന്ന ഒരു വകുപ്പിനെ താറടിച്ച് കാണിക്കാന്‍ വേണ്ടി ശ്രമം ഏതോ കേന്ദ്രത്തില്‍ നിന്നുണ്ടാകുകയാണ്. നിപയൊക്കെ കൈകാര്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ട് വരുമ്പോള്‍ കേരളത്തിലെ ആരോഗ്യമേഖലയെ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

അങ്ങനെയൊരു യശസോടെ നില്‍ക്കുന്ന ഘട്ടത്തിലാണ് തീര്‍ത്തും വ്യാജമായ ഒരു കാര്യം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമം നടക്കുന്നത്. ഇല്ലാത്ത കാര്യം കെട്ടിച്ചമക്കാനാണ് ശ്രമം ഉണ്ടായത് എന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഈ പറഞ്ഞ വ്യക്തികള്‍ക്കെല്ലാം പങ്കുണ്ടായി എന്ന് അവര്‍ സമ്മതിച്ചു എന്നാണ് മനസിലാക്കുന്നത്. അവരുടെ അടുത്തേക്ക് എത്താന്‍ വേറെ ആരെങ്കിലും ഉണ്ടോ എന്നുള്ളതാണ് ഇനി കണ്ടെത്താനുള്ള കാര്യം.
അത് സ്വാഭാവികമായും പരിശോധിച്ച് കാണട്ടെ. നമ്മള്‍ കാണേണ്ട ഒരു കാര്യം. നമ്മുടെ നാട്ടിലുള്ള പ്രചരണ സംവിധാനങ്ങള്‍ അത് എങ്ങനെ ഉപയോദഗിക്കപ്പെടുന്നു എന്നതാണ്. ഇതുപോലുള്ള ഒരു കള്ളവാര്‍ത്തക്ക് അതിന് വലിയ പ്രാധാന്യനമാണല്ലോ നമ്മളെല്ലാവരും നല്‍കിയത്. ഈ പ്രചരണ സംവിധാനത്തിന് ഏതെല്ലാം കാര്യങ്ങളിവിടെ ഉണ്ടോ അതെല്ലാം ഇതിന്റെ ഭാഗമായി ഒരുങ്ങുകയല്ലേ ചെയ്തത്.
ഈ രീതിയിലാണോ തുടരേണ്ടത് എന്ന് സ്വയം വിമര്‍ശനപരമായി ആലോചിക്കേണ്ടതാണ്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ താറടിക്കുന്ന പ്രശ്‌നം മാത്രമല്ല. നമ്മുടെ നാടിനെയാണ് ഇതിന്റെ ഭാഗമായി താറടിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയമായി എതിര്‍പ്പുള്ളവര്‍ അതിനെ വിമര്‍ശിക്കും. ആ വിമര്‍ശനം നല്ലതാണെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്. പക്ഷെ എങ്ങനേയും ഇത് ഇടിച്ച് താഴ്‌ത്തേണ്ട ഒരു സര്‍ക്കാരാണ്.
അതിന് ഇല്ലാത്ത കഥകള്‍ മെനയാന്‍ പുറപ്പെട്ടാല്‍ എങ്ങനെയിരിക്കും. ഞങ്ങളെല്ലാം രാഷ്ട്രീയപ്രവര്‍ത്തകരും നിങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകരുമാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി അവരുടെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ. കെപിസിസി യോഗത്തില്‍ രാജ്യത്തെ തന്നെ ഉന്നതനായ പിആര്‍ വിദഗ്ധനെ നിങ്ങള്‍ പങ്കെടുപ്പിക്കുന്നത്. ആ പങ്കെടുത്ത പ്രമുഖനെ നിങ്ങള്‍ നോക്കണം.
ഇന്ന് കേരളത്തിലെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളുള്ള യോഗത്തിലാണ് വിളിച്ചുവരുത്തി എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കുന്നത്. കേരളത്തിന്റെ ഒരു മാറ്റം നാം ശ്രദ്ധിക്കണം. ഇല്ലാക്കഥകള്‍ ഉണ്ടാക്കി അതിന് പ്രചരണം കൊടുക്കുക. ഇത് ശരിയാണോ എന്ന് ആലോചിക്കണം. ഗൂഢാലോചനയില്‍ പിന്നെ ഭരണപക്ഷമാണോ ഉണ്ടാകുക.
എന്താ നിങ്ങള്‍ക്കിത്ര സംശയം തോന്നാന്‍ കാരണം. നിങ്ങള്‍ക്ക് പൊള്ളലുണ്ടാകാന്‍ കാരണമെന്താണ്. മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണോ. റിപ്പോര്‍ട്ടര്‍ ചാനല്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ആകുമ്പോള്‍ പൊള്ളുമല്ലോ. ഉള്ളത് പറഞ്ഞാല്‍ മറ്റേയാള്‍ക്ക് തുള്ളല്‍ എന്ന് പറയുന്നതാണ് കാണുന്നത്.












Click it and Unblock the Notifications