ജംഷീദിന് എന്ത് സംഭവിച്ചു; സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതാണെന്ന് കുടുംബം, അടിമുടി ദുരൂഹത
കോഴിക്കോട്: കർണാടകയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും. ജംഷീദിനെ കർണാടകയിലെ മാണ്ഡ്യയില്‍ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ നല്‍കിയ മൊഴി. എന്നാല്‍ കൂട്ടുകാരുടെ മൊഴി വിശ്വാസ്യ യോഗ്യമല്ലെന്നാണ് വീട്ടുകാർ പറയുന്നത്. ജംഷീദിന്റെ മൃതശശീരത്തില്‍ ട്രെയിന്‍ തട്ടിയതിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. ജംഷീദിന്റ ഫോണ്‍ നഷ്ടപ്പെട്ടതിലും സംശയങ്ങളുണ്ടെന്നും ബന്ധുക്കള്‍ അവകാശപ്പെട്ടു.
ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷിദ് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ച്ചയാണ് ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിക്കുന്നത്. എന്നാല്‍ ജംഷീദ് ആത്മഹത്യ ചെയ്യില്ലെന്നും കൂട്ടുകാർ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

സുഹൃത്തായ അഫ്സലും മറ്റ് ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നുവെന്ന് ജംഷീദ് വീട്ടില്‍ അറിയിച്ചിരുന്നുവന്ന് ബന്ധുക്കള്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. പിന്നീട് യാത്രക്കിടെ ഫോണ്‍ നഷ്ടപ്പട്ടെന്നും പറഞ്ഞ് ഞായറാഴ്ച വീട്ടിലേക്ക് വിളിച്ചിരുന്നു. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞും വീട്ടിലേക്ക് വിളിച്ചു. കൂട്ടുകാരെ കാണാനില്ലെന്ന് പറഞ്ഞു. കയ്യിലെ പൈസ തീർന്നുവെന്ന് അറിയിച്ചതിനെ തുടർന്ന് 1000 രൂപ ഇട്ടുകൊടുക്കുകയും തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
ഇതിന് ശേഷമാണ് ബന്ധുക്കല്‍ ജംഷീദ് പോയതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നത്. അപ്പോഴാണ് ജംഷിദ് പോയത് അഫ്‌സലിനൊപ്പം അല്ലെന്നും ഫെബിന്‍ഷാ, റിയാസ് എന്നിവര്‍ക്കൊപ്പമാണെന്നും മനസ്സിലാക്കിയത്. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ബുധനാഴ്ചയോടെ മടങ്ങിയെത്തുമെന്നും അറിയിച്ചു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് പിന്നാലെ ഫെബിന്‍ഷാ നാട്ടില്‍ വിളിച്ച് ജംഷീദിന്റെ മരണ വിവരം അറിയിക്കുകയായിരുന്നു.
യാത്രക്കിടെ കാർ നിർത്തിയപ്പോള്‍ കാണാതായ ജംഷീദിനെ തിരച്ചിലിനൊടുവില്‍ റെയില്‍ വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് കള്ളമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിശദമായ പരിശോധന നടത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹം തിരക്കിട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ട്. എഫ് ഐ ആർ ഇടുന്നതിന് വേണ്ടി പൊലീസിന് 10000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ജംഷീദിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും പ്രവാസി സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ജംഷിദിന്റെ കൂടെയുണ്ടായിരുന്ന റിയാസിനെ അടുത്തിടെ ലഹരി വസ്തുക്കളുമായി ബാലുശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ലഹരിക്കടത്തിന് വേണ്ടി ഇവര്‍ ജംഷിദിനെ ചതിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്. സംഭവത്തില്‍ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന് സിപിഎം കൂരാച്ചുണ്ട് ലോക്കല്‍ സെക്രട്ടറി അരുണ്‍ കെജി ആവശ്യപ്പെട്ടു.
മകനെ ചതിയിൽ പെടുത്തിയതാണന്നാണ് പിതാവിന്റെ ആരോപണമെന്നും സുഹൃത്തുക്കളുടെ കയ്യിൽ നിന്നും കഴിഞ്ഞമാസം ബാലുശ്ശേരി പോലീസ് നിരോധിതവും അപകടകരവുമായ മയക്കുമരുന്ന് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുള്ളതും സംഭവത്തിന്റെ ഗൗരവവും ദുരൂഹതയും വർദ്ധിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മയക്ക് മരുന്ന് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന വ്യക്തികൾ അടങ്ങുന്ന സംഘത്തിന്റെ ചതിയിലും ഗൂഢാലോചനയിലുമാണ് ജംഷീദിന്റെ മരണം സംഭവിച്ചിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത് . കർണാടക പോലീസ് മറ്റു കാര്യ കാരണങ്ങളൊന്നും പരിശോധിക്കാതെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ധൃതിപിടിച്ചു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബോഡി വിട്ടുനൽകുകയാണുണ്ടായത്. ഈ കാര്യത്തിലും ബാഹ്യ ഇടപെടലും പണത്തിന്റെ സ്വാധീനവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബത്തിന് സംശയമുണ്ട് .
കൂരാച്ചുണ്ടിൽ മയക്കുമരുന്ന് ലോബി സജീവമാണ് നിരവധി യുവാക്കൾ ഉപഭോക്താക്കളും വിതരണ കണ്ണികളുമാണ്. നാടിന്റെയും കുടുംബങ്ങളുടെയും സമാധാനം കെടുത്തുന്ന മയക്കുമരുന്ന് മാഫിയയുടെ അടിവേര് അറുത്തുമാറ്റുക തന്നെ വേണം ഈ കാര്യങ്ങളെല്ലാം പരിശോധിക്കാനും പിതാവിൻ്റെ പരാതിയിൽ നടപടിയെടുക്കാനും അധികൃതർ തയ്യാറാവണമെന്നും ഡി വൈ എഫ് ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി ആവശ്യപെട്ടു.












Click it and Unblock the Notifications