ഹജ്ജ് യാത്രികർക്ക് ആശ്വാസം: കരിപ്പൂർ വഴിയുള്ള എയർ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുമെന്ന് മന്ത്രി
കോഴിക്കോട്: കരിപ്പൂർ വഴി യാത്ര ചെയ്യുന്ന ഹജ്ജ് തീർത്ഥാടകരുടെ വിമാനക്കൂലി പ്രതിസന്ധിയില്‍ താല്‍ക്കാലിക ആശ്വാസം. കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് കർമ്മത്തിന് പോകുന്ന തീർഥാടകരിൽ നിന്നും എയർ ഇന്ത്യ ഈടാക്കാൻ നിശ്ചയിച്ച ടിക്കറ്റ് നിരക്കിൽ ഇളവ് വരുമെന്ന് ന്യൂനപക്ഷക്ഷേമ, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചതായി മന്ത്രി പറഞ്ഞു. കണ്ണൂർ, കൊച്ചി എയർപോർട്ടുകളിൽ നിന്നും വ്യത്യസ്തമായി 75,000ത്തോളം രൂപ അധികമായിരുന്നു കരിപ്പൂരിൽ നിന്നുള്ള യാത്രാനിരക്ക്. ഹജ്ജ് യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും കരിപ്പൂർ വഴിയാണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വിമാനക്കൂലി വർധനവിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്ന് വന്നിരുന്നത്.

കരിപ്പൂരിലെ യാത്രാ പ്രതിസന്ധി സംബന്ധിച്ച് കേരള സർക്കാറിനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കാര്യമറിയാതെ പ്രതികരിക്കുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരാണ് വിമാനക്കമ്പനികളിൽ നിന്നും ടെണ്ടർ ക്ഷണിക്കുന്നത്. കരിപ്പൂരിൽ ഒരു വിമാനക്കമ്പനി മാത്രം ടെണ്ടറിൽ പങ്കെടുത്തത് സംസ്ഥാന സർക്കാരിന്റെ കുഴപ്പമാണെന്ന കണ്ടെത്തൽ രാഷ്ട്രീയലക്ഷ്യം മാത്രം വെച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു.
കരിപ്പൂരിലെ നിരക്ക് വർധനവ് കാരണം സംസ്ഥാന സർക്കാരാണെങ്കില്‍ കണ്ണൂരിലും കൊച്ചിയിലും മുൻ വർഷത്തേതിൽ നിന്നും നിരക്ക് കുറഞ്ഞത് സംസ്ഥാന സർക്കാരിന്റെ ഇടപെടലാണെന്ന് ലീഗ് സമ്മതിക്കുമോ? ഒരു കാര്യത്തിലും കേന്ദ്ര സർക്കാരിനെ വിമർശിക്കരുതെന്ന നിർബന്ധം ലീഗിന് എന്തിനാണെന്നും വി. അബ്ദുറഹിമാന്‍ ചോദിച്ചു.
അതേസമയം, കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലർത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ- ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നൽകിയെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീറും അറിയിച്ചു.
കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാർക്കേഷൻ പോയന്റുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാർജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഹജ്ജ് യാത്രക്കാരായ തീർത്ഥാടകരോടുള്ള ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാവതല്ല. എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണം എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും ഇടി മുഹമ്മദ് ബഷീർ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications