ദിലീപ് അഴിക്കുള്ളില്‍ തന്നെ.. റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടി.. പരാതിയില്ലെന്ന് ദിലീപ്
കൊച്ചി: ദിലീപിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് രാമലീലയെന്ന ചിത്രം. പുറത്ത് ദിലീപ് ആരാധകര്‍ രാമലീലയെ ആഘോഷിക്കുമ്പോള്‍ ദിലീപ് അകത്ത് തന്നെയാണ്. രാമലീല റിലീസ് ചെയ്യുമ്പോള്‍ പുറത്തിറങ്ങാമെന്ന ദിലീപിന്റെ മോഹത്തിന് കോടതികള്‍ കടിഞ്ഞാണിട്ടു. അഞ്ചാമത്തെ ജാമ്യാപേക്ഷയിലാവട്ടെ തീരുമാനമാകുന്നതേ ഉള്ളൂ. അതിനിടെ റിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടിയിരിക്കുകയാണ്.

ദിലീപിന് പരാതികളില്ല
റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് പോലീസ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പരാതികളൊന്നും ഇല്ലെന്നാണ് മജിസ്‌ട്രേറ്റിന്റെ ചോദ്യങ്ങളോട് ദിലീപ് പ്രതികരിച്ചത്.

റിമാന്‍ഡ് നീട്ടി
രാവിലെ പത്തരയോട് കൂടി ആലുവ സബ് ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ ഹാജരാക്കിയത്. പരാതികളൊന്നുമില്ലെന്ന് ദിലീപ് ബോധിപ്പിച്ചതോടെ റിമാന്‍ഡ് നീട്ടിയതായി കോടതി പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 12 വരെ
ഒക്ടോബര്‍ 12 വരെയാണ് ദിലീപിന്റെ റിമാന്‍ഡ് കോടതി നീട്ടിയിരിക്കുന്നത്. പതിനാല് ദിവസത്തേക്ക് കൂടിയാണ് കോടതി റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. റിമാന്‍ഡ് കാലാവധി നീട്ടിയത് സ്വാഭാവിക നടപടിക്രമം മാത്രമാണ്.

സിബിഐ അന്വേഷണം
ദിലീപ് കേസില്‍ നിരപരാധി ആണെന്നും കുടുക്കിയതാണെന്നുമാണ് അനുകൂലികള്‍ ഉയര്‍ത്തുന്ന വാദം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി വരെ എത്തിയിട്ടുണ്ട്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന്
കോട്ടയം സ്വദേശി റോയ് മാമന്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

എതിർത്ത് പ്രോസിക്യൂഷൻ
എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹര്‍ജി നല്‍കാന്‍ റോയ് മാമന് അര്‍ഹത ഇല്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ജാമ്യം നേടാനാവാതെ
കേസന്വേഷണം അന്തിമഘട്ടത്തില്‍ എത്തുമ്പോഴും ജാമ്യത്തിനായുള്ള ശ്രമങ്ങളൊന്നും ഇനിയും ഫലം കണ്ടിട്ടില്ല. രണ്ട് തവണ അങ്കമാലി കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചു.

വിധി പറയാൻ മാറ്റി
അഞ്ചാം തവണയും ജാമ്യത്തിനായുള്ള ശ്രമം നടത്തിയതില്‍ വിധി വരാനിരിക്കുന്നതേ ഉള്ളൂ. കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി വിധി പറയുന്നത് വരുന്ന ആഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

ജാമ്യത്തിന് സാധ്യതയില്ല
ദിലീപിന് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല എന്ന് തന്നെയാണ് അറിയുന്നത്. ജാമ്യ നീക്കത്തെ പ്രോസിക്യൂഷന്‍ ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. നേരത്തെ ജാമ്യം നിഷേധിക്കാനുള്ള സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടോയെന്ന് ഹൈക്കോടതി തന്നെ ചോദിക്കുകയുമുണ്ടായി.

രാമലീല കാണാൻ കാക്കണം
രാമലീല ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ നായകന് വിജയം ആഘോഷിക്കാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിക്കുകയാണ് എങ്കില്‍ ദിലീപിന് മുന്നില്‍ വഴികളൊന്നും അവശേഷിക്കുന്നില്ല.

കുറ്റപത്രം തയ്യാറാവുന്നു
ദിലീപിനെതിരായ കുറ്റപത്രം അടുത്ത ആഴ്ച പോലീസ് സമര്‍പ്പിക്കാനിരിക്കുകയാണ്. ദിലീപിന്റെ ജയില്‍ വാസം 82 ദിവസം പിന്നിട്ടിരിക്കുകയാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപ് വിചാരണത്തടവുകാരനായി തുടരേണ്ടി വരും.












Click it and Unblock the Notifications