കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാര്‍ രാഷട്രീയവും ശ്രീനാരായണ ദര്‍ശനവും തമ്മില്‍ കൂട്ടിച്ചേർക്കാന്‍ കഴിയാത്ത വ്യത്യാസം:കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ ഫ്ലോട്ട് നിഷേധിച്ചതില്‍ വീണ്ടും കേന്ദ്രത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്തുകൊണ്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചതെന്ന്‌ മനസ്സിലാവണമെങ്കില്‍ സംഘപരിവാര്‍ മുന്നോട്ടുവയ്‌ക്കുന്ന രാഷട്രീയവും ശ്രീനാരായണ ദര്‍ശനവും തമ്മിലുള്ള വ്യത്യസ്‌തത മനസ്സിലാക്കാനാവണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നത്. ആരൊക്കെ ഏച്ചുകൂട്ടാന്‍ ശ്രമിച്ചാലും ഒരിക്കലും പൊരുത്തപ്പെടാത്ത ഒന്നാണ്‌ സംഘപരിവാറിന്റെ രാഷ്‌ട്രീയ നിലപാടും ശ്രീനാരായണ ദര്‍ശനവുമെന്ന്‌ വെളിപ്പെടുത്തുന്നതാണ്‌ ഇപ്പോഴുണ്ടായ സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കോടിയേരിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ആധുനിക കേരളത്തിന്‌ അടിത്തറയിട്ട സാമൂഹ്യ മുന്നേറ്റത്തില്‍ സുപ്രധാനമായ സ്ഥാനമാണ്‌ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുള്ളത്‌. അത്തരം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചത്‌ ശ്രീനാരായണ ഗുരുവാണെന്ന്‌ നിസ്സംശയം പറയാം. കേരളീയ സമൂഹത്തില്‍ രൂപപ്പെട്ടുവന്ന നവോത്ഥാന ചലനങ്ങള്‍ ഒരു മഹാപ്രവാഹമാക്കി വികസിപ്പിച്ചുവെന്നതുകൊണ്ടാണ്‌ നവോത്ഥാനത്തിന്റെ പതാകവാഹകരായി ശ്രീനാരായണ ഗുരുവിനെ ലോകം വീക്ഷിക്കുന്നത്‌.

അതുകൊണ്ട്‌ തന്നെ കേരളീയ സമൂഹത്തിന്റെ വികാസത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ എന്നും ശ്രീനാരായണ ഗുരുവിന്‌ സുപ്രധാന സ്ഥാനവും ലഭിച്ചു. വരുന്ന റിപ്പബ്ലിക്ക്‌ ദിനത്തില്‍ കേരള സംസ്ഥാനം അവതരിപ്പിക്കാന്‍ നിശ്ചയിച്ച നിശ്ചല ദൃശ്യത്തില്‍ അതുകൊണ്ട്‌ തന്നെ ശ്രീനാരായണ ഗുരുവിനെ കേന്ദ്ര സ്ഥാനത്ത്‌ അവതരിപ്പിച്ചുക്കൊണ്ടുള്ള നിശ്ചലദൃശ്യമാണ്‌ കേരളം മുന്നോട്ടുവച്ചത്‌. ഈ നിശ്ചലദൃശ്യം സ്‌ക്രീനിംഗ്‌ കമ്മിറ്റി അംഗീകരിക്കുകയും ചെയ്‌തു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട്‌ ഈ നിശ്ചലദൃശ്യം അവതരിപ്പിക്കാനാവില്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌.

kodiyeri

എന്തുകൊണ്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചതെന്ന്‌ മനസ്സിലാവണമെങ്കില്‍ സംഘപരിവാര്‍ മുന്നോട്ടുവയ്‌ക്കുന്ന രാഷട്രീയവും ശ്രീനാരായണ ദര്‍ശനവും തമ്മിലുള്ള വ്യത്യസ്‌തത മനസ്സിലാക്കാനാവണം. സംഘപരിവാറിന്റെ രാഷ്‌ട്രീയം എന്തെന്ന്‌ അവരുടെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ത്യയിലെ ജാതി ചാതുര്‍വര്‍ണ്ണ്യ സമ്പ്രദായത്തെ സംബന്ധിച്ച കാഴ്‌ചപ്പാടാണ്‌ അവര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. 'വിചാരധാര'യില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്‌. "ബ്രാഹ്മണന്‍ തലയാണ്‌. രാജാവ്‌ ബാഹുക്കളും. വൈശ്യന്‍ ഊരുക്കളും ശൂദ്രന്‍ പാദങ്ങളുമാണ്‌". അതായത്‌ ഒരോ വര്‍ണ്ണവും രൂപപ്പെട്ടത്‌ വ്യത്യസ്‌തമായ രീതിയിലാണെന്ന്‌ വ്യക്തമാക്കുന്നതിലൂടെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ ന്യായീകരിക്കുകയും അതില്‍ ഒരോ വിഭാഗവും ഏതൊക്കെ വിഭാഗങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ ജീവിക്കണമെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ ഇതിലൂടെ. അതോടൊപ്പം തന്നെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ മനുഷ്യരായിപ്പോലും അംഗീകരിക്കുന്നതിന്‌ തയ്യാറാവാത്ത കാഴ്‌ചപ്പാടുമാണ്‌ ഗോള്‍വാള്‍ക്കര്‍ പിന്‍പറ്റുന്നത്‌.

ചാതുര്‍വര്‍ണ്ണ്യത്തെ സംബന്ധിച്ച ഈ കാഴ്‌ചപ്പാടിനെ പിന്‍പറ്റി പിന്നീട്‌ രൂപം കൊണ്ട ജാതി വ്യവസ്ഥയെയും ന്യായീകരിക്കുന്നതിന്‌ 'വിചാരധാര' തയ്യാറാവുന്നുണ്ട്‌. അതില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷ മേന്മ വര്‍ണ്ണവ്യവസ്ഥയാണ്‌. എന്നാല്‍, അതിനെ ജാതീയത എന്ന്‌ മുദ്രകുത്തി പുച്ഛിച്ചുതള്ളുകയാണ്‌. വര്‍ണ്ണവ്യവസ്ഥ എന്ന്‌ പരാമര്‍ശിക്കുന്നതു തന്നെ അപഹസിക്കേണ്ട ഒന്നാണെന്ന്‌ നമ്മുടെ ആളുകള്‍ക്ക്‌ തോന്നിത്തുടങ്ങിയിട്ടുണ്ട്‌. അതിലടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യ വിവേചനമായി അവര്‍ പലപ്പോഴും തെറ്റിദ്ധരിക്കുന്നു" (പേജ്‌ 127). ജാതീയമായ വിവേചനം സാമൂഹ്യമായ വിവേചനമാണെന്ന്‌ അംഗീകരിക്കുന്നതിന്‌ സംഘപരിവാര്‍ തയ്യാറാവുന്നില്ല. മാത്രമല്ല, അത്‌ ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്തായിരുന്നുവെന്നും എടുത്തുപറയുന്നുണ്ട്‌. ഇത്തരമൊരു സമീപനം സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി എന്നത്‌ സ്വാഭാവികമായും കടന്നുവരില്ല. ജാതീയമായ അടിച്ചമര്‍ത്തലിന്റെയും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ നിരന്തരം ആക്രമിക്കപ്പെടുന്ന സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌ ഈ രാഷ്‌ട്രീയ നിലപാടുകളാണ്‌.

രാജ്യത്തിന്റെ 'ആഭ്യന്തര ഭീഷണികള്‍' എന്ന വിഭാഗത്തിലാണ്‌ 'വിചാരധാര'യില്‍ മുസ്ലീങ്ങള്‍, ക്രിസ്‌ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നത്‌. 'വിചാരധാര'യില്‍ ഒരോ അധ്യായങ്ങള്‍ ഇതിനായി നീക്കിവെച്ചിട്ടുമുണ്ട്‌. മറ്റു മതവിശ്വാസങ്ങളെ ഉള്‍ക്കൊള്ളാതെ ഹിന്ദുവിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച്‌ ആക്രമിക്കുന്നതിനുള്ള സൈദ്ധാന്തിക അടിത്തറയാണ്‌ ഇതിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്‌. ഗാന്ധിജിയെ ഉള്‍പ്പെടെ തീവ്രമായ ഭാഷയിലാണ്‌ ഇതില്‍ വിമര്‍ശിച്ചിട്ടുള്ളത്‌. ജനാധിപത്യവാദികളോടും ഇതേ സമീപനമാണ്‌ 'വിചാരധാര' പുലര്‍ത്തുന്നത്‌. ന്യൂനപക്ഷ പീഡനത്തിന്റെയും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ ആക്രമണത്തിന്റെയും ജനാധിപത്യവാദികളെ കൊന്നൊടുക്കുന്നതിന്റെയും പിന്നിലെ രാഷ്‌ട്രീയ അടിത്തറ ഇതാണ്‌. ഗാന്ധിജിയെ മാറ്റിനിര്‍ത്തി ഗോഡ്‌സയെ മുന്നോട്ടുകൊണ്ടുവരാനുള്ള പരിശ്രമങ്ങളുടെയും പിന്നിലുള്ളത്‌ ഇത്‌ തന്നെയാണ്‌.

ശ്രീനാരായണ ദര്‍ശനം സംഘപരിവാര്‍ മുന്നോട്ടുവയ്‌ക്കുന്ന ഈ രാഷ്‌ട്രീയവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. തികച്ചും വ്യത്യസ്‌തമായ സമീപനമാണ്‌ അതിനുള്ളത്‌. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' തുടങ്ങിയ കാഴ്‌ചപ്പാടാണല്ലോ ശ്രീനാരായണ ദര്‍ശനത്തിന്റെ അടിസ്ഥാനം. ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയെയും ജാതീയതയെയും തന്റെ ജീവിതം കൊണ്ട്‌ പ്രതിരോധിച്ച ശ്രീനാരായണ ഗുരുവിനെ അതിന്റെ വക്താക്കള്‍ക്ക്‌ അംഗീകരിക്കാനാവാത്തതില്‍ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ല.

ജാതീയതയും അടിമത്തവുമാണ്‌ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രധാന ദൗര്‍ബല്യമെന്ന്‌ 1857 ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്‌ വിശകലനം ചെയ്യുമ്പോള്‍ മാര്‍ക്‌സും നിരീക്ഷിക്കുന്നുണ്ട്‌. അത്‌ ഇങ്ങനെയാണ്‌. ജാതി വ്യത്യാസങ്ങളും അടിമത്തവും കൊച്ചുകൊച്ച്‌ സമുദായങ്ങളുടെ തീരാശാപമായിരുന്നുവെന്നും മനുഷ്യന്‌ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിന്‌ പകരം അവ അവനെ ബാഹ്യസാഹചര്യങ്ങളുടെ ദാസനാക്കുകയാണ്‌ ചെയ്‌തതെന്നും സ്വയം വികസിതമായ ഒരു സാമൂഹ്യ അവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത ഒരു സ്വഭാവിക തലയിലെഴുത്താക്കി മാറ്റി." എന്ന്‌ എടുത്ത്‌ പറയുന്നുണ്ട്‌. ഇന്ത്യന്‍ സമൂഹത്തിന്റെ ശാപമായി ജാതി വ്യവസ്ഥയെയും അടിമത്വത്തെയും കാണുന്ന സമീപനമാണ്‌ മാര്‍ക്‌സ്‌ സ്വീകരിച്ചത്‌ എന്ന്‌ കാണാം.

ശ്രീനാരായണ ദര്‍ശനം മതസൗഹാര്‍ദ്ദത്തിന്റെ അടിത്തറയില്‍ രൂപപ്പെട്ടതാണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ 1924 ല്‍ ആലുവയില്‍ ഒരു സര്‍വ്വമത സമ്മേളനം ശ്രീനാരായണ ഗുരു വിളിച്ച്‌ ചേര്‍ക്കുന്നത്‌. അതില്‍ ശ്രീനാരായണ ഗുരു നല്‍കിയ ആഹ്വാനം ഇങ്ങനെയാണ്‌.
സര്‍വ്വമത സമ്മേളന സന്ദേശം, എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികള്‍ തമ്മില്‍ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മതമഹാ സമ്മേളനത്തില്‍ നടന്ന പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കന്‍ വിചാരിക്കുന്ന മഹാപാഠശാലയില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളോടുംകൂടി ഉണ്ടാകണമെന്നു വിചാരിക്കുന്നു." എല്ലാ മതങ്ങളുടെയും സാരാംശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നുമുള്ള കാഴ്‌ചപ്പാടായിരുന്നു ശ്രീനാരായണ ഗുരുവിന്റേത്‌ എന്ന്‌ വ്യക്തം.

ആരൊക്കെ ഏച്ചുകൂട്ടാന്‍ ശ്രമിച്ചാലും ഒരിക്കലും പൊരുത്തപ്പെടാത്ത ഒന്നാണ്‌ സംഘപരിവാറിന്റെ രാഷ്‌ട്രീയ നിലപാടും ശ്രീനാരായണ ദര്‍ശനവുമെന്ന്‌ വെളിപ്പെടുത്തുന്നതാണ്‌ ഇപ്പോഴുണ്ടായ സംഭവങ്ങള്‍. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാചരിക്കുന്ന ഈ ഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചുവെന്നതിന്റെ പേരില്‍ കേരളം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്‌. സംഘപരിവാര്‍ ആശയങ്ങള്‍ക്ക്‌ കീഴ്‌പ്പെടാന്‍ തയ്യാറാവാത്ത കേരളത്തിനോടുള്ള പ്രതികാരം കൂടിയായി ഈ സംഭവത്തെ കാണേണ്ടതുണ്ട്‌. റിപ്പബ്ലിക്ക്‌ ദിനാചരണത്തിന്റെ ആഘോഷങ്ങളുടെ ചരിത്രത്തില്‍ ഇതൊരു തീരാ കളങ്കമായി എന്നും അവശേഷിക്കും.

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

English summary
Republic Day 2022: CPM leader Kodiyeri Balakrishnan once again criticizes the Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X