നേമത്ത് മുരളിയും ആര്‍എസ്പി 2 സീറ്റിലും ജയിച്ചേനെ: പാളിയത് എവിടെ , എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ യുഡിഎഫ് മുന്നണി വിടാനുള്ള ചര്‍ച്ചകളില്‍ ആര്‍എസ്പിയില്‍ സജീവമാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ആറാം തിയതി നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന ആര്‍എസ്പി നേതാക്കളുടെ തീരുമാനം കൂടി വന്നതോടെ ഈ ചര്‍ച്ചയുടെ ചൂട് പിടിച്ചു. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ട് ആര്‍എസ്പിയെ അനുനയിപ്പിച്ചു.
ഒടുവില്‍ മുന്നണി വിടേണ്ടതില്ലെന്നും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനും ആര്‍എസ്പി യോഗത്തില്‍ ധാരണയാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനവും ആര്‍എസ്പിയുടെ രാഷ്ട്രീയ ഭാവിയും സംബന്ധിച്ചുള്ള പ്രസ്താവനകളുമായി എന്‍കെ പ്രേമചന്ദ്രന്‍ രംഗത്ത് എത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ പരാജയങ്ങള്‍ മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ അനുഭവങ്ങള്‍ അതിലും കഠിനമായിരുന്നുവെന്നാണ് എന്‍കെ പ്രേമചന്ദ്രന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ പല തിക്താനുഭവങ്ങളും നേരിട്ടു. ഇതെല്ലാം ചര്‍ച്ച ചെയ്ത് യുഡിഎഫ് ശക്തമായി മുന്നോട്ട് പോകണമെന്നാണ് ആര്‍എസ്പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മുന്നണിയില്‍ ആര്‍എസ്പിക്ക് കിട്ടുന്ന സീറ്റുകള്‍ ജയസാധ്യതയെ ബാധിക്കുന്നു. ആറ്റിങ്ങല്‍, മട്ടന്നൂര്‍ തുടങ്ങിയ ശക്തമായ ഇടത് കേന്ദ്രങ്ങളിലാണ് മത്സരിക്കേണ്ടി വരുന്നത്. ഈ രണ്ട് സീറ്റും ഏറ്റെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും സീറ്റുകളുടെ കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. റിബല്‍ സ്ഥാനാര്‍ത്ഥി വരുന്നത് മനസ്സിലാക്കാം. എന്നാല്‍ അവര്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കുകയും ചെയ്യുന്നു.

ഘടകക്ഷിക്ക് നല്‍കുന്ന സീറ്റില്‍ വിജയം വേണമെന്നത് മുന്നണിയുടെ പൊതു ആവശ്യമായിരിക്കണം. സിപിഎം ചെയ്യുന്നത് അങ്ങനെയാണ്. വലിയ ദുരനുഭവങ്ങളാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ഉണ്ടായത്. ആർഎസ്പിയോട് മാത്രമാണ് ഈ സമീപനമെന്നും ഞങ്ങള്‍ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറയുന്നു.

കുന്നത്തൂരിലും ചവറയിലും ഇത്തവണ വിജയം പ്രതീക്ഷിച്ചിരുന്നു. കുന്നത്തൂരില്‍ 2500 വോട്ടിനാണ് തോറ്റത്. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ വിജയം കരസ്ഥമാക്കായിരുന്നു. ചവറയില്‍ സിപിഎം വിജയിക്കുമെന്ന് അവര്‍ പോലും കണക്കാക്കിയിരുന്നില്ല. എന്നാല്‍ എന്തോ ജാഗ്രതക്കുറവുണ്ടായി. ചവറയിലെ തോല്‍വി ഞങ്ങള്‍ക്ക് വലിയ ഷോക്ക് തന്നെയായിരുന്നു.

ചവറയില്‍ വിജയിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ രീതിയിലുള്ള അസംതൃപ്തി പാര്‍ട്ടിയില്‍ ഉണ്ടാവുമായിരുന്നില്ല. പരാജയപ്പെട്ടെങ്കിലും നേതാക്കള്‍ക്ക് ഇടയില്‍ അഭിപ്രായ വ്യത്യാസം ഇല്ല. വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങൾ ആർക്കുമില്ല. പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ കൊഴിഞ്ഞു പോക്കും ഉണ്ടായിട്ടില്ല

നേമം അടക്കമുള്ള ബിജെപി ശക്തി കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കണമായിരുന്നു. മുരളിയെ പോലെ ഒരാളെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം വളരെ വൈകി. വിവാദമാക്കി വഷളാക്കിയ ശേഷമാണ് മുരളി വന്നത്. അപ്പോഴേക്കും എല്‍ഡിഎഫ് മുന്നിലെത്തിയിരുന്നു. ഇത് മറ്റിടങ്ങളില്‍ അടക്കം ദോഷമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍റെ പരനാറി പ്രയോഗം രാഷ്ട്രീയമായിട്ട് മാത്രമായിട്ടാണ് കാണുന്നത്. ഞങ്ങൾ രണ്ടും പൊതു രംഗത്ത് നിൽക്കുന്നതിനാൽ പിന്നീട് എത്രയോ തവണ കണ്ടു, സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി വന്നിരുന്നു. അടുത്തയിടെ കുളിമുറിയിൽ വീണ് ആശുപത്രിയിൽ ആയിരുന്നപ്പോൾ എന്നെ വിളിച്ചു ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായ പകയും വിദ്വേഷവും ഒന്നുമില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു.

ഭാവി രാഷ്ട്രീയത്തില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സഹകരിച്ചു. ഇവിടെ ഒരു പ്രത്യേക പശ്ചാത്തലത്തിൽ ഞങ്ങൾ കോൺഗ്രസിനോട് സഹകരിച്ചു. നാളെ എന്തായിരിക്കും സംഭവിക്കുകയെന്ന് അറിയില്ല. കേരളത്തില്‍ ബിജെപി ശക്തമായാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് നില്‍ക്കില്ലേ. ഇന്നത്തെ സാഹചര്യത്തില്‍ ആര്‍എസ്പിക്ക് യുഡിഎഫ് വിടേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് തോല്‍വി മുന്നണി മാറ്റത്തിനുള്ള സാധുവായ കാരണമല്ല.












Click it and Unblock the Notifications