പുരോഗമന പ്രസ്ഥാനമെന്ന് മേനി നടിക്കുന്നവര്‍ക്ക് ഇന്നും കറുപ്പിനെ ഭയമാണ്; മുഖ്യമന്ത്രിക്കെതിരെ ഷിബു ബേബി ജോണ്‍
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കറുത്ത വസ്ത്രങ്ങള്‍ക്കും മാസ്‌കിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

വിഷയത്തില്‍ പ്രതികരിച്ച് സിനിമ- രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത് കറുപ്പിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. പുരോഗമന പ്രസ്ഥാനമെന്ന് സ്വയം മേനി നടിക്കുന്ന ചിലര്‍ക്ക് ഇന്നും കറുപ്പിനെ ഭയമാണെന്നാണ് ചില സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

കേരള സമൂഹത്തിനെ മുന്നില്‍ നിന്നും പുരോഗമനസ്വഭാവത്തിലേക്ക് നയിക്കേണ്ടവര്‍ കേരളത്തിനൊപ്പം ഓടിയെത്താനാകാതെ കറുത്ത മാസ്‌ക് കണ്ടാല്‍ പോലും വിറളി പൂണ്ട് 40 കൊല്ലം മുമ്പുനിന്നും ബസ് കിട്ടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. കറുപ്പ് മറ്റു നിറങ്ങളെ പോലെ ഒരു സാധാരണ നിറമാണെന്ന്, മറ്റ് നിറങ്ങളേക്കാള്‍ സൗന്ദര്യമുള്ള ഒരു നിറമാണെന്ന് ജനങ്ങള്‍ ഇന്ന് അംഗീകരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി കല്യാണങ്ങള്‍ക്ക് പോലും ആളുകള്‍ കറുത്ത ഉടുപ്പിട്ട് പോകുന്ന കാലമാണിതെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..

പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലഘട്ടത്തിലാണ് ഞാന്‍ ആദ്യമായി കറുത്ത ഷര്‍ട്ട് ധരിക്കുന്നത്. കറുപ്പ് എനിക്ക് വളരെ ഇഷ്ടമുള്ള നിറമായതുകൊണ്ടും കറുത്ത ഷര്‍ട്ട് എനിക്കേറെ ചേരുന്നതായി തോന്നിയതുകൊണ്ടും പിന്നീട് പലയിടത്തും ഞാനത് ഇടുന്നത് സ്ഥിരമായി. എന്നാല്‍ തിരുവനന്തപുരത്ത് നിന്നും ഞാന്‍ നീണ്ടകരയിലേക്കും മറ്റ് ബന്ധുവീടുകളിലുമൊക്കെ കറുത്ത ഷര്‍ട്ടിട്ട് പോകുമ്പോള്‍ കറുപ്പ് ദുഃശകുനമാണെന്നും മരണാനന്തര ചടങ്ങുകള്‍ക്ക് മാത്രം ധരിക്കുന്ന നിറമാണെന്നും പറഞ്ഞ് അത് ഊരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ ഓര്‍മ വരുകയാണ്.

നാലു പതിറ്റാണ്ട് മുമ്പു നടന്ന കഥയാണിത്. അതിനു ശേഷം മഴയും വേനലും ഒട്ടേറെത്തവണ വന്നുപോയി, നീണ്ടകര പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. ഇന്ന് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളം ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. കറുപ്പ് മറ്റു നിറങ്ങളെ പോലെ ഒരു സാധാരണ നിറമാണെന്ന്, മറ്റ് നിറങ്ങളേക്കാള്‍ സൗന്ദര്യമുള്ള ഒരു നിറമാണെന്ന് ജനങ്ങള്‍ ഇന്ന് അംഗീകരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി കല്യാണങ്ങള്‍ക്ക് പോലും ആളുകള്‍ കറുത്ത ഉടുപ്പിട്ട് പോകുന്ന കാലമാണിത്.

എന്നാല്‍ പുരോഗമന പ്രസ്ഥാനമെന്ന് സ്വയം മേനി നടിക്കുന്ന ചിലര്‍ക്ക് ഇന്നും കറുപ്പിനെ ഭയമാണെന്നാണ് ചില സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത് ഇന്നത്തെ പുരോഗമന രാഷ്ട്രീയം എത്രത്തോളം പിന്നോട്ടു പോയെന്ന് വ്യക്തമാക്കുന്നു. കേരള സമൂഹത്തിനെ മുന്നില്‍ നിന്നും പുരോഗമനസ്വഭാവത്തിലേക്ക് നയിക്കേണ്ടവര്‍ കേരളത്തിനൊപ്പം ഓടിയെത്താനാകാതെ കറുത്ത മാസ്‌ക് കണ്ടാല്‍ പോലും വിറളി പൂണ്ട് 40 കൊല്ലം മുമ്പുനിന്നും ബസ് കിട്ടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു - ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കനത്ത സുരക്ഷ സന്നാഹങ്ങള്‍ക്കിടെ കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനായി തൃശൂരില്‍ നിന്ന് മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിക്ക് നേരെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇടവഴിയില്‍ മറഞ്ഞുനിന്ന ബി ജെ പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications