റഷ്യ-യുക്രെയിൻ സംഘർഷം; എയർ ഇന്ത്യക്ക് പുറമെ കൂടുതല്‍ വിമാനങ്ങള്‍ സർവ്വീസ് നടത്തണം: കൊടിക്കുന്നില്‍
ദില്ലി: യുക്രൈനിലെ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ മടക്കയാത്ര കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടത്താനും എയർ ഇന്ത്യ കൂടാതെ മറ്റ് സ്വകാര്യ വിമാനങ്ങള്‍ കൂടി സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കി. ഉക്രെയിനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർത്ഥികളോട് സ്വന്തം ഉത്തരവാദിത്വത്തിൽ അതിർത്തികളിലേക്ക് പോകാൻ പറഞ്ഞതായി വരുന്ന വിവരങ്ങൾ അങ്ങേയറ്റം അധാർമികവും നീതീകരിക്കാൻ പറ്റാത്ത ക്രൂരതയും അവഗണനയും ആണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു. യുക്രെയിനിലെ ഇന്ത്യൻ എംബസിക്ക് സമീപം പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾ നമ്മുടെ സ്വന്തം കുട്ടികളായി കാണാനായുള്ള മനസാക്ഷി എംബസി അധികൃതർ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
യുക്രെയിനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർഥികളുടെ മടക്കയാത്ര കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തണമെന്നും എയർ ഇന്ത്യ കൂടാതെ മറ്റ് സ്വകാര്യ വിമാന സർവീസുകൾ കൂടി ഉപയോഗിച്ച് കൂടുതൽ അതിർത്തി രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് വേഗത്തിലാക്കണമെന്നും, ഉക്രെയിൻ റഷ്യ സംഘർഷം രൂക്ഷമാകുന്ന സാഹചര്യം മനസിലാക്കികൊണ്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് കത്ത് നൽകി.

യുക്രെയിനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർത്ഥികളോട് സ്വന്തം ഉത്തരവാദിത്വത്തിൽ അതിർത്തികളിലേക്ക് പോകാൻ പറഞ്ഞതായി വരുന്ന വിവരങ്ങൾ അങ്ങേയറ്റം അധാർമികവും നീതീകരിക്കാൻ പറ്റാത്ത ക്രൂരതയും അവഗണനയും ആണ്. യുക്രെയിനിലെ ഇന്ത്യൻ എംബസിക്ക് സമീപം പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾ നമ്മുടെ സ്വന്തം കുട്ടികളായി കാണാനായുള്ള മനസാക്ഷി എംബസി അധികൃതർ സ്വീകരിക്കേണ്ടതാണ്.
യുദ്ധ ഭൂമിയിൽ നിന്ന് വിദ്യാർഥികൾ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് അതിർത്തികളിൽ എത്തിയപ്പോൾ അവരെ തിരികെ അയക്കുന്നത് കൊടും ക്രൂരതയാണ്. ഹങ്കറിയുടെയും റൊമേനിയയുടെയും അതിർത്തികൾ ഉൾപ്പെടെ കേന്ദ്രീകരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ഇന്ത്യൻ പൗരന്മാരെയും വിധ്യാർഥികളെയും കൃത്യമായ സുരക്ഷയുടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽആവശ്യപ്പെട്ടു.- അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു
നേരത്തെ, റഷ്യ - ഉക്രെയിൻ സംഘർഷം കേന്ദ്ര സർക്കാർ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും, ഉക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഇപ്പോൾ അവിടെ തുടരേണ്ട അടിയന്തിര ആവശ്യം ഇല്ലാത്തവരോട് ഇന്ത്യയിലേക്ക് താൽകാലികമായി മടങ്ങി വരുന്നത് പരിഗണിക്കാനും നിർദേശിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഈ വിഷയത്തിൽ കൊടിക്കുന്നില്‍ സുരേഷ് എംപി നൽകിയ കത്തിന് മറുപടിയായി അറിയിച്ചിരുന്നു.












Click it and Unblock the Notifications