ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസ് അറസ്‌റ്റിൽ, ആശുപത്രിയിൽ തുടരും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ സ്‌പെഷ്യൽ തഹസിൽദാറും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ കെപി ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്‌റ്റ് ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
എസ്‌പി ശശിധരൻ ആശുപത്രിയിൽ എത്തി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐസിയുവിൽ ആയിരുന്നു. തുടർന്ന് അറസ്‌റ്റ് വിവരം കൊല്ലം കോടതിയെ അറിയിക്കുകയും തുടർന്ന് മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി തുടർനടപടികൾ പൂർത്തിയാക്കുകയും ആയിരുന്നു.

നാളെ കൊല്ലം കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ഐസിയുവിൽ നിന്ന് മുറിയിലേക്ക് ശങ്കരദാസിനെ മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരണമെന്നാണ് അറിയിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണക്കവർച്ചാ കേസിൽ നിർണായകമായ ഒരു നീക്കമായാണ് ഈ അറസ്‌റ്റിനെ എല്ലാവരും നോക്കി കാണുന്നത്. കേസിന്റെ തുടക്കം മുതൽ ശങ്കരദാസിന്റെ പേര് ചർച്ചയായിരുന്നു.
കേസിൽ പതിനൊന്നാം പ്രതിയാണ് കെപി ശങ്കരദാസ്. എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു അദ്ദേഹം. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലേക്ക് എത്തിയത്. ശങ്കർദാസിനെ അറസ്‌റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു.
അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചത്. മകൻ പോലീസ് ഓഫിസർ ആയതിനാൽ, കേസിൽ പ്രതിയായത് മുതൽ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസ് ആശുപത്രിയിലാണെന്നും മാന്യത വേണമെന്നും കോടതി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
കെപി ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കാൻ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഉൾപ്പെടെ ഹാജരാക്കിയെങ്കിലും അതൊക്കെ കോടതി തള്ളിയിരുന്നു.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും ഇനി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. ഹൈക്കോടതി നിർദേശപ്രകാശമാണ് എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications