ശബരിമലയിലെ തിരക്ക്; അവധി ദിവസം പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതി, 'ഡിജിപി ഇടപെടണം'
കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങി കിടക്കുന്നത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അവധി ദിനത്തിലും സ്‌പെഷ്യല്‍ സിറ്റിംഗുമായി ഹൈക്കോടതി. തടഞ്ഞ് വെച്ച ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണം എന്ന് ഹൈക്കോടതി പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട് എന്നും ഇക്കാര്യങ്ങള്‍ പരിഹരിക്കണം എന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി വിഷയത്തില്‍ നേരിട്ട് ഇടപെടണം എന്നും കോടതി പറഞ്ഞു. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തി വിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം എന്നും ഹൈക്കോടതി പറഞ്ഞു.

പൊന്‍കുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികള്‍ ഉയരുന്നതിനിടെ ആണ് ക്രിസ്മസ് അവധിയായിട്ടും ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി വിഷയം പരിഗണിച്ചത്. നേരത്തെ ശബരിമലയിലെ തിരക്ക് കാരണം ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് മുണ്ടക്കയത്തും വൈക്കത്തും തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു.
പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. വാഹന നിയന്ത്രണത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയതോടെ ആണ് തീര്‍ത്ഥാടകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുണ്ടക്കയത്ത് ദേശീയ പാത 183 ല്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് വൈക്കം മഹാദേവ ക്ഷേത്ര പരിസരത്ത് ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു.
ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്ക് മാത്രമെ വാഹനങ്ങള്‍ കടത്തി വിടുകയുള്ളൂ എന്നാണ് പൊലീസ് അറിയിച്ചത്. പ്രതിഷേധിച്ച തീര്‍ത്ഥാടകരോട് പൊലീസ് ഇക്കാര്യം ധരിപ്പിച്ചതോടെയാണ് സാഹചര്യം അയഞ്ഞത്. അതിനിടെ ഇടത്താവളങ്ങളില്‍ കുടുങ്ങിയ തീര്‍ത്ഥാടകര്‍ക്ക് വെള്ളവും ഭക്ഷണം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് അയ്യപ്പ സേവാ സംഘം രംഗത്തെത്തി.
തിരക്ക് കാരണം പമ്പയില്‍ നിന്നും സന്നിധാനത്ത് എത്താന്‍ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറില്‍ അധികം നേരം വരി നില്‍ക്കേണ്ടി വരുന്ന സാഹചര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം മണ്ഡല പൂജയോട് അനുബന്ധിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ ഇന്നലെ അനുഭവപ്പെട്ടത്.












Click it and Unblock the Notifications