ശബരിമല: കാനനപാതയിലൂടെ എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന; നടപ്പന്തലിലെ വരിനില്‍ക്കല്‍ ഒഴിവാക്കാം
പത്തനംതിട്ട: കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണനയുമായി ദേവസ്വം വകുപ്പ്. എരുമേലി വഴി വരുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കാനാണ് തീരുമാനമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. 'എരുമേലി വഴി കിലോമീറ്ററുകൾ താണ്ടി കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന വേണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്. ദിവസങ്ങൾക്ക് മുമ്പ് ചേർന്ന ഉന്നതതല യോഗം ഈ കാര്യം ചർച്ച ചെയ്യുകയും തീർത്ഥാടകർക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തു.' വിഎന്‍ വാസവന്‍ പറഞ്ഞു.
കാനന പാത വരുന്ന ഭക്തർക്ക് പരമ്പരാഗത പാത ഒഴിവാക്കി നടപ്പന്തലിൽ എത്തി, അവിടെയുള്ള വരിയും ഒഴിവാക്കി നേരെ പതിനെട്ടാംപടി കയറി ദർശനം നടത്താനാണ് അവസരം ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിൻ്റെ ഇടപെടലും ഈ കാര്യത്തിൽ എടുത്ത് പറയേണ്ടതാണ്. പ്രത്യേക പരിഗണന ലഭിച്ച് മല കയറിയ തീർത്ഥാടക സംഘത്തിന് ഇന്ന് സന്നിധാനത്ത് സ്വീകരണവും നൽകി. ഏകദേശം 30 കിലോമീറ്റർ ദൂരമാണ് കാനന പാതയിലൂടെ ദർശനത്തിനായി ഇവർ താണ്ടിയതെന്നും മന്ത്രി വ്യക്തമാക്കി.

കാനനപാത വഴി വരുന്നവർക്ക് പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം. മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്കായിരിക്കും പ്രത്യേക വരി ഉണ്ടാകുക.
വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പാടാക്കുന്നത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക ടാഗ് നൽകുന്നത് വനം വകുപ്പാണ്.
അതേസമയം, ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും മറ്റ് ഹൃദ്രോഗങ്ങൾ മൂലവും തീർഥാടകർ മരണപ്പെടുന്നത് ഒഴിവാക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റർ (എഇഡി) ഉപകരണം വാങ്ങാന്‍ തീരുമാനമായി. ആദ്യ ഘട്ടമായി ഇത്തരം 5 എഇഡി ഉപകരണങ്ങൾ ഡിസംബർ 20 ന് ശബരിമലയിൽ എത്തും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐഎംഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹൃദയസ്തംഭനം അനുഭവപ്പെടുന്ന തീർത്ഥാടകന് 10 മിനിറ്റിനുള്ളിൽ എഇഡി ലഭ്യമാക്കാൻ സാധിച്ചാൽ മരണനിരക്ക് 80 ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചിട്ടുണ്ട്. പമ്പയിൽനിന്ന് അപ്പാച്ചിമേട്ടിലേക്കുള്ള വഴിയിലെ എമർജൻസി മെഡിക്കൽ സെന്ററുകളിലാണ് (ഇഎംസി) എഇഡി ലഭ്യമാവുക. പമ്പ-സന്നിധാനം വഴിയിലെ ഓരോ അര കിലോമീറ്ററിലും ഒരു എഇഡി ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications