ശമ്പളം കിട്ടാതെ ഭൂരിപക്ഷം ജീവനക്കാർ; മാർച്ച് 3 ന് കിട്ടിയവരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ
തിരുവനന്തപുരം: മാർച്ച് മാസം മൂന്നാം തീയതിയായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം എത്തിയത് ചെറിയൊരു വിഭാഗം ജീവനക്കാർക്ക് മാത്രമാണെന്ന് റിപ്പോർട്ടുകൾ. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് ശമ്പളം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടസ്സമില്ലാത്തതാണ് കാരണം.
അതേ സമയം, ഭൂരിപക്ഷം വരുന്ന സർക്കാർ ജീവനക്കാർക്കും എംപ്ലോയീസ് ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് ജീവനക്കാർ പ്രതിസന്ധിയിലായത്. നാളെയോടെ ശമ്പള വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെയും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം എന്നാണ് വിവരം.

ഇ ടി എസ് ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് ശമ്പള വിതരണത്തിൽ പ്രതിസന്ധി ആകുന്നത്. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്.
പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു ഇ ടി എസ് ബി അക്കൗണ്ട് മരവിപ്പിച്ചത്. ഈ സാഹചര്യത്തിൽ ട്രഷറിയിൽ പണം എത്തിക്കാൻ നീക്കം നടത്തുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖല സ്ഥാപനങ്ങൾത്ത് നിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ.
ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണം എന്നാണ് നിർദ്ദേശം. അതേ സമയം ശമ്പളം വൈകുന്നതിൽ പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ
കൗൺസിൽ കുറ്റപ്പെടുത്തുന്നത്.












Click it and Unblock the Notifications