ക്ഷേമപെന്‍ഷനും ശമ്പളവും മുടങ്ങുമോ? കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിനും കൂട്ടിയ പെന്‍ഷന്‍ വിതരണത്തിനും ഒരുങ്ങുന്ന സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ വക മുട്ടന്‍ പണി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതായി കാണിച്ച് കേന്ദ്ര ധനമന്ത്രാലയം കത്ത് നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വര്‍ഷാവസാനവും കണക്കിലെടുത്ത് വന്‍ പണച്ചെലവിന് സംസ്ഥാനം ഒരുങ്ങുന്നതിനിടെ ആണ് കേന്ദ്രത്തിന്റെ നീക്കം.
ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍ നിന്ന് 5944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കി. ബജറ്റിന് പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങള്‍ അധിക വായ്പയെടുത്ത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന് ഇനി ശേഷിക്കുന്ന കാലയളവില്‍ 6572 കോടി രൂപ മാത്രമെ കടമെടുക്കാന്‍ സാധിക്കൂ. ജനുവരി മുതല്‍ മാര്‍ച്ച് വരെ കരാറുകാര്‍ക്ക് അടക്കം ബില്ലുകള്‍ പാസാക്കി നല്‍കേണ്ടതുണ്ട്. ഇതിന് മാത്രം 20,000 കോടി സംസ്ഥാനത്തിന് വേണം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 15,000 കോടി രൂപയിലേറെ വേണം. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നീക്കം സംംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ 2000 രൂപയായി വര്‍ധിച്ചിച്ചിരുന്നു. കൂടാതെ സ്ത്രീകള്‍ക്കായും തൊഴിലന്വേഷകര്‍ക്കായും പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന രണ്ട് പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. നികുതി അടക്കമുള്ള വരുമാനങ്ങള്‍ കൊണ്ട് ഇതിനെല്ലാം സാധിക്കില്ല എന്നാണ് ധന വകുപ്പിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രഖ്യാപനങ്ങൡ നിന്ന് പിന്നോട്ട് പോകാനും സര്‍ക്കാരിനാകില്ല.
സംസ്ഥാന സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ ഉപയോഗിക്കാനായുള്ള കരുതല്‍ ഫണ്ട് രൂപീകരിക്കാത്തതിനാല്‍ 3300 കോടി രൂപ നേരത്തേയും കടമെടുപ്പ് പരിധിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ആകെ ഗാരന്റി നില്‍ക്കുന്ന തുകയുടെ അര ശതമാനം വീതം 5 വര്‍ഷം കൊണ്ടു രണ്ടര ശതമാനം കരുതല്‍ ഫണ്ടില്‍ നിക്ഷേപിക്കാമെന്നു കേരളം സമ്മതിച്ചിരുന്നു.
അതോടെ തടഞ്ഞുവച്ച ഈ 3300 കോടി അനുവദിക്കും എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ടര ശതമാനം തുകയും ഒറ്റയടിക്ക് ഫണ്ടിലേക്കു മാറ്റണമെന്ന പുതിയ നിര്‍ദേശമെത്തിയതോടെ സര്‍ക്കാരിന്റെ ആ പ്രതീക്ഷയും അസ്ഥാനത്തായി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ തള്ളിക്കൊണ്ടാണ് കേന്ദ്രം പുതിയ വെട്ടിക്കുറവ് നടപ്പിലാക്കിയിരിക്കുന്നത്.












Click it and Unblock the Notifications