'ബിജെപിയിൽ ചവിട്ടിമെതിക്കപ്പെട്ടു, ബിജെപി-സിപിഎം ഡീൽ എതിർത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യർ
പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് സന്ദീപ് വാര്യർ. ബിജെപിയിൽ താൻ ചവിട്ടിമെതിക്കപ്പെട്ടുവെന്നും വെറുപ്പ് ഉത്പാദിക്കുന്ന സ്ഥലത്ത് നിന്ന് അൽപ്പം സ്നേഹവും കരുതലും പ്രതീക്ഷിച്ചത് തെറ്റായിപ്പോയെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി-സിപിഎം ഡീൽ എതിർത്തതാണ് താൻ ചെയ്‌ത തെറ്റെന്നും സന്ദീപ് വാര്യർ ആരോപിക്കുകയുണ്ടായി.
വെറുപ്പ് മാത്രം ഉത്പാദിക്കുന്ന ഫാക്‌ടറി എന്നാണ് സന്ദീപ് ബിജെപിയെ വിശേഷിപ്പിച്ചത്. പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഭിപ്രായം പറയാൻ പോലും ബിജെപിയിൽ സ്വാതന്ത്ര്യമില്ല. ഏകാധിപത്യമായ രീതികളാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്. ഉപാധികൾ ഇല്ലാതെ സ്നേഹിക്കണം എന്നതിന്റ പേരിൽ വിലക്ക് നേരിട്ടയാളാണ് താനെന്നും സന്ദീപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. എങ്കിലും സംഘടനയ്ക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേവലമൊരു ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിൽ ഒരു വർഷം തന്നെ പാർട്ടി ചാനൽ ചർച്ചകളിൽ നിന്ന് വിലക്കിയെന്നും ആരോപിച്ചു.
ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിരെയും സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചു. താൻ ഇന്ന് കോൺഗ്രസിൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാർ കെ സുരേന്ദ്രനും സംഘവുമാണ്. കരുവന്നൂരും-കൊടകരയും പരസ്‌പരം വാച്ചുമാറുന്നതിനെ എതിർത്തതാണ് എന്റെ തെറ്റ്. കൊടകര കേസിലെ പ്രതി ധർമ്മരാജന്റെ കോൾ ലിസ്‌റ്റിൽ പേരില്ലാതെ പോയതാണ് എന്റെ കുറ്റമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ശ്രീനിവാസൻ വധക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട 17 പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയാണെന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണെന്ന് വിശദീകരിച്ച സന്ദീപ് വാര്യർ കേസിൽ ഏറ്റവും മികച്ച അഭിഭാഷകനെ ഹാജരാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ കെപിസിസി നേതൃത്വത്തിന്റെ വാർത്താ സമ്മേളനം നടക്കുന്ന വേളയിലാണ് സന്ദീപ് വാര്യർ പാലക്കാട് കോൺഗ്രസ് ഓഫീസിലേക്ക് എത്തിയത്. ഊഷ്‌മളമായ സ്വീകരണമാണ് അവിടെ അദ്ദേഹത്തിന് കിട്ടിയത്. നേതാക്കളിൽ പലരും ഷാൾ അണിയിച്ചും കൈകൊടുത്തും സന്ദീപിനെ സ്വീകരിക്കുകയായിരുന്നു. മുതിർന്ന നേതാക്കൾക്ക് ഒപ്പം തന്നെ വേദിയിൽ സന്ദീപ് വാര്യർക്കും ഇരിപ്പിടം ഒരുക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക് പുറമേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ശേഷമാണ് സന്ദീപ് വാര്യർ തന്നെ കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു പ്രതിനിധിയെ സഭയിൽ എത്തിക്കാമെന്ന ബിജെപിയുടെ മോഹങ്ങൾക്കാണ് ഇതോടെ തിരിച്ചടിയാവുന്നത്. ജില്ലയിൽ നിന്ന് തന്നെയുള്ള ബിജെപി നേതാവ് എന്ന നിലയിൽ സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനം തിരഞ്ഞെടുപ്പിൽ ചർച്ചയാകും എന്നുറപ്പാണ്. കേവലം മൂന്ന് ദിവസങ്ങൾ മാത്രമാണ് ഇനി വോട്ടെടുപ്പിന് ശേഷിക്കുന്നത്.
നവംബർ 20 വരെയുള്ള സമയത്ത് മറ്റ് പ്രഖ്യാപനങ്ങൾ ഒന്നും തന്നെ സന്ദീപ് വാര്യറുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് കരുതിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയോളമായി കോൺഗ്രസുമായി ചർച്ചയിലായിരുന്നു സന്ദീപ്. ഒടുവിൽ എഐസിസി അനുമതി കിട്ടിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications