സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; 'പ്രതി ആർഎസ്എസ് പ്രവർത്തകൻ', ക്രൈംബ്രാഞ്ചിന് മൊഴി നൽകി സഹോദരൻ
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആശ്രമം കത്തിച്ചത് തന്റ സഹോദരനാണെന്നും ഇയാൾ ഇക്കഴിഞ്ഞ ജനവരിയിൽ ആത്മഹത്യ ചെയ്തതായും കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

ആർഎസ്എസ് പ്രവർത്തകനായ സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് പ്രശാന്ത് പറയുന്നു. പ്രകാശ് കഴിഞ്ഞ ജനവരി 3 ന് വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. ഇയാൾക്ക് അന്നേ ദിവസം ക്രൂരമർദ്ദനം ഏറ്റിരുന്നു. പ്രകാശിന്റെ ഒപ്പമുള്ള കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് മർദ്ദിച്ചതെന്നും പ്രശാന്ത് ആരോപിച്ചു. മരിക്കുന്നതിന് തൊട്ട് മുൻപാണ് ആശ്രമം കത്തിച്ച വിവരം തന്നോട് വെളിപ്പെടുത്തിയതെന്നും പ്രശാന്ത് പറഞ്ഞു.
ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയിൽ നിന്നും പ്രകാശന്റെ കൂട്ടുകാരനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ അസ്വസ്ഥതതയിലായ പ്രകാശൻ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആശ്രമം കത്തിച്ച സംഭവം വെളിപ്പെടുത്തിയത്. ഇത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
ആർ എസ് എസ് ശാഖാ നടത്തിപ്പുകാരനായിരുന്ന പ്രകാശിനെ മരിക്കുന്നതിന് തൊട്ട് മുൻപ് ചുമതലയിൽ നിന്നും മാറ്റിയിരുന്നു. സംഘടനയുമായി ഇതിന് ശേഷം തർക്കമുണ്ടായി. മരിക്കുന്നതിന് മുൻപ് പ്രകാശ് വീട്ടിൽ അധികം വരാറുണ്ടായിരുന്നില്ല. വന്നാൽ തന്നെ സുഹൃത്തുക്കൾ ഇയാളെ കൊണ്ട് വിളിച്ച് കൊണ്ട് പോകുമായിരന്നുവെന്നും പ്രശാന്ത് പറയുന്നു.
സംഭവം പുറത്ത് പറയാതിരിക്കാൻ പ്രകാശിന്റെ ഒപ്പമുണ്ടായിരുന്നവർ തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. വീട്ടിലെ സ്ത്രീകൾ കടുംകൈ ചെയ്യുമെന്ന തരത്തിലായിരുന്നു സമ്മർദ്ദങ്ങൾ. എന്നാൽ അനിയൻ മരിച്ചതോടെ അവരെല്ലാവരും സുഖമായാണ് ജീവിക്കുന്നതെന്നും ആരും പിന്നീട് വീട്ടിലേക്ക് വന്നിരുന്നില്ലെന്നും പ്രശാന്ത് ആരോപിച്ചു. ഇത് സംബന്ധിച്ച് വിശദമായ മൊഴി ഇയാൾ ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ട്.ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ രണ്ട് കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. തീ കത്തിച്ച ശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിട്ടുണ്ടായിരുന്നു.












Click it and Unblock the Notifications