രഞ്ജിത് കൊലപാതകം; സംഘപരിവാര്‍ പ്രതിഷേധത്തിനിടെ അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പെന്ന് സൂചന
തിരുവനന്തപുരം: ബി.ജെ.പി നേതാവ് രഞ്ജിത് വധത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ തീരുമാനിച്ച പ്രകടനത്തിനിടെ അക്രമത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി സൂചന. എസ്.ഡി.പി.ഐയുടെ സ്വാധീന കേന്ദ്രങ്ങളിലൂടെയുള്ള പ്രകടനം സംഘര്‍ഷത്തിന് വഴിവെച്ചേക്കുമെന്ന ജാഗ്രതാ നിര്‍ദേശം പൊലീസിന് ഇന്റലിജന്‍സ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് കണക്കിലെടുത്ത് എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചേക്കും. ആലപ്പുഴയിലാണ് കൂടുതല്‍ ജാഗ്രത വേണ്ടതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഡിസംബര്‍ 20 ഞായറാഴ്ച രാവിലെയാണ് ഒ.ബി.സി മോര്‍ച്ച സംസ്ഥാന നേതാവായ രഞ്ജിത് കൊല്ലപ്പെട്ടത്. ഡിസംബര്‍ 19 ശനിയാഴ്ച അര്‍ധരാത്രി എസ്.ഡി.പി.ഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിതും കൊല്ലപ്പെടുന്നത്.
ഇരട്ടകൊലപാതകത്തില്‍ പരസ്പരം പഴിചാരി ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും ചെയ്യുന്നുണ്ടെന്നും ഇരുവിഭാഗവും പറഞ്ഞു.

കഴിഞ്ഞ മാസം ഷാന്‍ കൊലപാതക കേസില്‍ ആര്‍.എസ്.എസ് ആലുവ ജില്ല പ്രചാരകനെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്.
ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. നേരത്തെ ആലപ്പുഴ ഇരട്ടക്കൊലപാതകത്തില്‍ ഇരുവിഭാഗത്തിലും പെട്ട പ്രതികളുടെ പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.
അതേസമയം എസ്.ഡി.പി.ഐ നേതൃത്വത്തെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.












Click it and Unblock the Notifications