ദിലീപ് 1.5 കോടി തന്നില്ലെങ്കില്‍ 2 കോടി തരാന്‍ വേറെ ആളുണ്ടെന്ന്; നാദിർഷയോട് പള്‍സർ സുനി പറഞ്ഞത്: ശാന്തിവിള
ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിസ്താരം നീണ്ടു പോകുന്നതിനെതിരെ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമായിരുന്നു നടി ആക്രമിപ്പെട്ട കേസ്. ഒരു സ്ത്രീയെ അവർ സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നും പിടിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും അതിലെ ഒന്നാം സ്ഥാനക്കാരന്‍ അവരെ പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
പീഡിപ്പിക്കുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു. നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു കേസായിരുന്നു അത്. അതും എറണാകുളത്തെ സീപോർട്ട്-എയർപോർട്ട് റോഡ് എന്ന് പറയുന്ന തിരക്കേറിയ ഒരിടത്ത് വെച്ച്. പത്ത് പേർ കണ്ടാല്‍ അതില്‍ എട്ടുപേർക്കും മനസ്സിലാകുന്ന ഒരു അഭിനേത്രിയേയാണ് കാറില്‍ നിന്നും വലിച്ചിറക്കി അവർ കൊണ്ടുവന്ന ടെംബോ കാറില്‍ കയറ്റി ഉപദ്രവിച്ചത്.

ഉപദ്രവമൊക്കെ കഴിഞ്ഞതിന് ശേഷം നടി പറഞ്ഞിടത്ത് തന്നെ കൊണ്ടുവിടുകയും ചെയ്തു. കഴിഞ്ഞ ആറേഴ് വർഷമായി ഈ വിഷയം മലയാള സിനിമ രംഗത്ത് പൊന്തിനില്‍ക്കുന്നു എന്ന് മാത്രമല്ല, തിയേറ്ററില്‍ ആളെ കയറ്റാന്‍ കഴിവുള്ള, പെട്ടെന്ന് സൂപ്പർ താരമായി വളർന്ന ദിലീപ് എന്ന ചെറുപ്പക്കാരനെ മുച്ചൂടും നശിപ്പിക്കാന്‍ ഈ കേസുകൊണ്ട് കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ ബാക്കിപത്രമെന്നും തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് പറയുന്നു.
ആക്രമിക്കപ്പെട്ട നടി പിന്നീട് സന്തോഷപൂർവ്വം മലയാളത്തിലും കന്നഡയിലുമൊക്കെ അഭിനയിച്ചു. വിവാഹം കഴിച്ചു, സന്തോഷത്തോടെ അടിച്ചു പൊളിച്ച് ജീവിക്കുന്നു. എന്നാല്‍ മറുവശത്തോ, ഈ കേസിലെ എല്ലാ പ്രതികളേയും പിടിച്ചുവെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞതിന് ശേഷം മൂന്ന് മാസം കഴിഞ്ഞാണ് ദിലീപിനെ കേസിലേക്ക് കൊണ്ടുവരുന്നത്.
ജയിലില്‍ പോയ ഒന്നാം പ്രതിക്ക് എന്തായാലും ടെലിഫോണ്‍ ഡയറക്ടറി കൊണ്ടുപോകാന്‍ പറ്റില്ലാലോ. പിന്നെ ദിലീപിന്റേയും നാദിർഷയുടേയുമൊക്കെ ഫോണ്‍ നമ്പറുകള്‍ അവർ കാണാപാഠം പഠിച്ച് വെച്ചിരുന്നോ എന്നൊന്നും അറിയില്ല. എന്തായാലും ജയിലില്‍ ഇരുന്നുകൊണ്ട് ദിലീപിനെ വിളിച്ചു, ദിലീപ് വിളിച്ചിട്ട് ഫോണ്‍ എടുക്കാതായപ്പോള്‍ നാദിർഷയെ വിളിക്കുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് എനിക്ക് 1.5 കോടി രൂപ ദിലീപേട്ടന്‍ തന്നില്‍ 2 കോടി രൂപ തരാന്‍ വേറെ ആളുണ്ട്, പൈസ തന്നില്ലെങ്കില്‍ ദിലീപേട്ടന്റെ പേര് പറയും എന്നുമാണ് പള്‍സർ സുനി നാദിർഷയോട് പറഞ്ഞത്. നാദിർഷ ആ വിവരം ദിലീപിനെ അറിയിച്ചു. ഇതോടെ ദിലീപ് അന്നത്തെ ഡി ജി പിയായ ലോക്നാഥ് ബഹ്റയെ വിളിച്ച് കാര്യം പറഞ്ഞു. ഇനിയും അദ്ദേഹം വിളിക്കുകയാണെങ്കില്‍ കോള്‍ റെക്കോർഡ് ചെയ്യാനായിരുന്നു ഡി ജി പി ആവശ്യപ്പെട്ടത്.
വീണ്ടും പള്‍സർ സുനി വിളിക്കുകയും അത് റെക്കോർഡ് ചെയ്യുകയും ചെയ്തു. ആ ഓഡിയോ ദിലീപ് ഡി ജി പിയെ ഏല്‍പ്പിച്ചു. തുടർന്ന് ഡി ജി പിയാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തുന്നത്. അവർക്കാണ് ദിലീപ് പരാതി കൊടുത്തത്. ആ പരാതിയില്‍ വ്യക്തത വരുത്താനാണ് ദിലീപിനെ ആലുവയിലെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തുന്നത്.
അങ്ങനെ വന്ന ദിലീപിനെ അറസ്റ്റ് ചെയ്ത് 85 ദിവസത്തോളം ജയിലാക്കുകയും ചെയ്തു. ഇതാണല്ലോ ഈ കേസിന്റെ കേട്ടുകേള്‍വിയില്ലാത്ത നാള്‍വഴി. തന്റെ മുന്നില്‍ വന്നിരിക്കുന്ന ഒരു ഫയലിലും ദിലീപിനെതിരായ തെളിവില്ല. അതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് നടി ആക്രമിക്കപ്പെട്ട സംഭവ സമയത്തെ ഡി ജി പി വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹം പെന്‍ഷനായതിന്റെ മൂന്നാം ദിവസമാണ് ദിലീപിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications