നിർണായക തിരുമാനത്തിന് ശരദ് പവാർ? പിന്തുണ എകെ ശശീന്ദ്രന്?..മുന്നറിയിപ്പുമായി സിപിഎമ്മും
തിരുവനന്തപുരം; മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഘടകക്ഷികളുമായി സിപിഎമ്മിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു എംഎൽഎ മാത്രമുള്ള ചെറുകക്ഷികളും മന്ത്രിസ്ഥാനത്തിനായി ആവശ്യമുയർത്തിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം. എല്ലാവർക്കും മന്ത്രിപദം എന്നത് പ്രായോഗികമല്ലെന്ന വ്യക്തമായ സൂചനയാണ് സിപിഎം കഴിഞ്ഞ ദിവസം നൽകിയിരിക്കുന്നത്. 17 ന് എൽഡിഎഫ് യോഗം ചേരും മുൻപ് ഒരിക്കൽ കൂടി കൂടിക്കാഴ്ച നടത്തുമെന്നും ഇതിൽ സമവായം ഉണ്ടാക്കണമെന്നും സിപിഎം ഘടകക്ഷികളെ അറിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍
അതിനിടെ മന്ത്രിസ്ഥാനം ഉറപ്പിച്ച എൻസിപിയിൽ കസേരയ്ക്കായി പോര് മുറുകിയിരിക്കുകയാണ്. എകെ ശശീന്ദ്രനെ വെട്ടി മന്ത്രിയാകാനുള്ള നീക്കമാണ് കുട്ടനാട് എംഎൽഎയും മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനുമായ തോമസ് കെ തോമസ് നടത്തുന്നത്.

കസേരയ്ക്ക് വടംവലി
എൻസിപിയ്ക്ക് ഇക്കുറി രണ്ട് എംഎൽഎമാരാണ് ഉള്ളത്. കുട്ടനാട് നിന്ന് ജയിച്ച തോമസ് കെ തോമസും എലത്തൂരിൽ നിന്നും വിജയിച്ച എകെ ശശീന്ദ്രനും. ശശീന്ദ്രൻ ജയിച്ചാൽ അദ്ദേഹത്തിന് മന്ത്രി പദം എന്ന നിലയിൽ തന്നെയായിരുന്നു തുടക്കം മുതൽ ചർച്ചകൾ. എന്നാൽ മന്ത്രിസ്ഥാനത്തിനായി തോമസ് കെ തോമസ് അവകാശവാദം ഉയർത്തിയതോടെയാണ് എൻസിപിയിൽ പോര് തുടങ്ങിയത്.

ശശീന്ദ്രനെതിരെ എതിർപ്പ്
തോമസ് ചാണ്ടിക്ക് നഷ്ടമായ മന്ത്രിസ്ഥാനം ഇത്തവണ തങ്ങൾക്ക് വേണമെന്ന് തോമസ് കെ തോമസ് വിഭാഗം പറയുന്നു. ഇത്രയും കാലം മത്സരിക്കുകയും മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രനെ പരിഗണിക്കരുതെന്നാണ് ഇവരുടെ പക്ഷം. ഇക്കുറി ശശീന്ദ്രൻ എലത്തൂരിൽ മത്സരിക്കുന്നതിനെതിരെ പാർട്ടിയിൽ തുടക്കം മുതൽ എതിർപ്പുകൾ ശക്തമായിരുന്നു.

കൂറ്റൻ ഭൂരിപക്ഷം
ശശീന്ദ്രൻ മാറി നിൽക്കണമെന്നും യുവാക്കളെ പരിഗണിക്കണമെന്നുമായിരുന്നു ശശീന്ദ്രൻ വിരുദ്ധ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഈ എതിർപ്പുകളെയെല്ലാം മറികടന്നായിരുന്നു ശശീന്ദ്രൻ എലത്തൂരിൽ നിന്ന് വീണ്ടും ജനവിധി തേടിയത്. മൂന്നാം അങ്കത്തിൽ 38502 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നിന്നും വിജയിച്ച് കയറുകയും ചെയ്തു.

സംസ്ഥാന അധ്യക്ഷൻ
അതേസമയം ശശീന്ദ്രനെതിരെ പാർട്ടി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററും ചരടുവലിയ്ക്കുന്നതായി സൂചനയുണ്ട്. തോമസിനെ മന്ത്രിയാക്കാനുള്ള നീക്കമാണ് പീതാംബരൻ മാസ്റ്റർ നടത്തുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ എൻസിപി വിട്ട മാണി സി കാപ്പനെ പിന്തുണച്ചുള്ള പീതാംബരൻ മാസ്റ്ററുടെ പ്രതികരണമെല്ലാം ശശീന്ദ്രനോടുള്ള കടുത്ത എതിർപ്പിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പിന്തുണ ശശീന്ദ്രന്
തിരഞ്ഞെടുപ്പിൽ കാപ്പൻ നേരിട്ടത് രാഷ്ട്രീയ തിരിച്ചടിയാണെന്ന് ശശീന്ദ്രൻ പറഞ്ഞപ്പോൾ പാലായിലെ പരാജയം എൽഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണെന്നായിരുന്നു പീതാംബരന്റെ പ്രതികരണം. ഇത് എൻസിപിയിൽ വലിയ ഭിന്നതകൾക്കും വഴിവെച്ചിരുന്നു.അതേസമയം എൻസിപി ദേശീയ നേൃത്വത്തിൻറെ പൂർണ പിന്തുണ ശശീന്ദ്രനാണെന്നാണ് റിപ്പോർട്ട്.

ഉറച്ച നിലപാട്
ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിയസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ പാർട്ടി വിട്ടപ്പോൾ ഇടതുപക്ഷത്തിനൊപ്പമെന്ന ഉറച്ച നിലപാട് സ്വീകരിച്ച ശശീന്ദ്രന്റെ തിരുമാനം രാഷ്ട്രീയ ശരിയാണെന്ന് തെളിഞ്ഞുവെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

എൻസിപി പ്രഖ്യാപനം
കാപ്പൻ ഉർത്തിയ കലാപക്കൊടിയ്ക്കൊപ്പം ദേശീയ നേതൃത്വം നിന്നിരുന്നെങ്കിൽ ഇപ്പോൾ അത് കനത്ത തിരിച്ചടിയായേനെയെന്നും നേതൃത്വം പറയുന്നു.അതേസമയം ശശീന്ദ്രൻ മന്ത്രിയാകട്ടെയെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനും എന്നാണ് സൂചന. പാല സീറ്റ് തർക്കത്തിൽ ശശീന്ദ്രന്റെ നിലപാട് നിർണായകമായിരുന്നുവെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എൻസിപി സംസ്ഥാന നേതൃത്വം പോലും ഉറച്ച തിരുമാനം കൈക്കൊള്ളാൻ മടിച്ചപ്പോൾ എൽഡിഎഫിനൊപ്പം എന്നാണ് തുടക്കം മുതൽ ശശീന്ദ്രൻ സ്വീകരിച്ച നിലപാടെന്നും നേതൃത്വം പറയുന്നു.
എൻസിപി പ്രഖ്യാപിക്കും

എൻസിപി പ്രഖ്യാപിക്കും
അതേസമയം 18 ന് മന്ത്രിസ്ഥാനം ആർക്കെന്നത് സംബന്ധിച്ച തിരുമാനം എൻസിപി പ്രഖ്യാപിക്കും. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിലാകും പ്രഖ്യാപനം ഉണ്ടായേക്കുക. തർക്കം പരിഹരിക്കാൻ സാധിച്ചില്ലേങ്കിൽ രണ്ട് പേരും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യതയും ഉണ്ട്.

അംഗീകരിക്കില്ലെന്ന്
അതിനിടെ അന്തിമ തിരുമാനം കൈക്കൊണ്ടില്ലേങ്കിൽ മന്ത്രിസ്ഥാനം നൽകില്ലെന്ന മുന്നറിയിപ്പ് സിപിഎമ്മും നൽകുന്നു. ഫോൺ കെണി വിവാദം, കായൽ കൈയ്യേറ്റം, പാലാ സീറ്റ് തർക്കം എന്നിങ്ങനെ കഴിഞ്ഞ പിണറായി സർക്കാരിന് എൻസിപി വലിയ തലവേദനയായിരുന്നു സൃഷ്ടിച്ചിരുന്നത്. സീറ്റ് തർക്കത്തിന്റെ പേരിൽ പുതിയ തലവേദന ഉണ്ടാക്കാനാണ് ഉദ്ദേശമെങ്കിൽ അംഗീകരിക്കാനാകില്ലെന്ന നിലപാടും സിപിഎം വ്യക്തമാക്കുന്നു.
അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications