കെഎസ്ആർടിസി ബസിലെ നഗ്നതാ പ്രദർശനം: പ്രതി സവാദിന് ജാമ്യം അനുവദിച്ച് കോടതി
കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോഴിക്കോട് കായക്കോട് സ്വദേശി സവാദിന് ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സവാദിന് ജാമ്യം അനുവദിച്ചത്. തൃശൂർ സ്വദേശിനിയായ യുവതിയോടാണ് ഇയാൾ മോശമായി പെരുമാറിയത്.
സോഷ്യൽ മീഡിയയിലൂടെയാണ് സവാദിൽ നിന്നും ഉണ്ടായ ദുരനുഭവം യുവതി തുറന്നുപറഞ്ഞത്. സവാദിന്റെ വീഡിയോയും യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു. എറണാകുളത്തേക്ക് പോവുകയായിരുന്നു യുവതി.സവാദ് അങ്കമാലിയിൽ നിന്നായിരുന്നു ബസിൽ കയറിയത്.മൂന്ന് പേർക്ക് ഇരിക്കാവുന്ന, സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിലാണ് യുവതി ഇരുന്നിരുന്നത്.

ഇയാൾ ഈ യുവതിയുടേയും മറ്റൊരു യുവതയുടേയും ഇടയിലായിട്ടാണ്
ഇരുന്നത്. ബസ് എടുത്തതിന് പിന്നാലെ ഇയാൾ തന്റെ ശരീരത്തിൽ ഉരസുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു എന്നാണ് യുവതി പറഞ്ഞത്. ഇയാളുടെ പ്രവൃത്തി യുവതി ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഇയാളോട് യുവതി സംഭവത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു.
ബഹളം കേട്ട് കണ്ടക്ടർ സംഭവം എന്താണെന്ന് ചോദിക്കുകയും യുവതി നടന്ന കാര്യം പറയുകയും ചെയ്തു. പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് യുവതി പറയുകയും സവാദിന് ഇറങ്ങാൻ ഡോർ തുറക്കേണ്ടെന്ന് കണ്ടക്ടർ പറയുകയും ചെയ്തു. എന്നാൽ സവാദ് ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. എന്നാൽ ഇയാളെ ഡ്രൈവറും കണ്ടക്‌ടറും ഓടിച്ച് പിടികൂടി.
അതേസമയം യുവതിയുടെ പരാതി വ്യാജം ആണെന്നും ജാമ്യത്തിൽ ഇറങ്ങുന്ന സവാദിന് സ്വീകരണം നൽകും എന്നും ഓൾ കേരള മെൻസ് അസോസിയേഷൻ അറിയിച്ചിരുന്നു. ജയിലിൽ നിന്ന് ഇറങ്ങുന്ന സവാദിനെ ഹാരമിട്ട് സ്വീകരിക്കാൻ സംഘടനാ അംഗങ്ങൾ എല്ലാം ആലുവ സബ്ജയിലിന്റെ മുന്നിൽ വരണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ ആവശ്യപ്പെട്ടിരുന്നു. കേസിൽ പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയ ആക്കണമെന്നും അജിത് കുമാർ പറഞ്ഞിരുന്നു.












Click it and Unblock the Notifications