പ്രിയ നേതാവിന് നാടിന്റെ വിട: കെ.ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് വൈകിട്ട്
പാലക്കാട്: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. അമ്മ വീടായ ഷൊർണൂരിന് അടുത്തുളള പൈങ്കുളത്താണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ പാലക്കാട് ശേഖരിപുരത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം അദ്ദേഹത്തിന്റെ വസതിയിൽ എത്തി അന്തിമോപചാരമർപ്പിക്കും.
പാലക്കാട് ഡി സി സി ഓഫീസിൽ മൂന്ന് മണി വരെയാണ് പൊതുദർശനം. തുടർന്ന് വിലാപയാത്രയായി പൈങ്കുളത്തേക്ക് മൃതദേഹം കൊണ്ടുപോകും. പക്ഷാഘാതത്തെ തുടർന്ന് നീണ്ട ഒന്നര വർഷ കാലമായി വീട്ടിൽ ചികിത്സയിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ.

ഇന്നലെ രാത്രി 8 .50 നാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നത്. പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏക മലയാളി എന്ന പ്രത്യേകതയും കെ ശങ്കരനാരായണന് ഉണ്ടായിരുന്നു. നാഗാലാൻഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി ചുമതല വഹിച്ചു.
ഇതിന് പുറമെ അസം, ഗോവ , അരുണാചൽപ്രദേശ് എന്നിവിടങ്ങളിലൂടെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകിയിരുന്നു. നാലു തവണ കേരളത്തിലെ മന്ത്രിയായി. നീണ്ട 16 വർഷക്കാലം കാലം യു ഡി എഫ് കൺവീനർ ആയി പ്രവർത്തിച്ചു. ധനം, എക്സൈസ്, കൃഷി എന്നീ വകുപ്പുകളുടെ മന്ത്രി ആയിരുന്നു.
നിയമസഭയിലേക്ക് എത്തിയത് തൃത്താല, കൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ നിന്നായിരുന്നു. സംഘടനാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ആയിരുന്നു ഇദ്ദേഹം. 1986 മുതൽ 2001 വരെ യു ഡി എഫിന്റെ കൺവീനറായി ഇദ്ദേഹം പ്രവർത്തിച്ചു . ഒരുകാലത്ത് സി പി എമ്മിന്റെ കോട്ടയായിരുന്നു പാലക്കാട് കോൺഗ്രസിനെ വളർത്തി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിച്ചതിന്റെ കഴിവ് ഇദ്ദേഹത്തിനാണ്.
1932 ഒക്ടോബർ 15 - ന് ഷൊർണൂർ അണിയത്ത് ശങ്കരൻ നായരുടേയും ലക്ഷമി അമ്മയുടേയും മകനായി അദ്ദേഹം ജനിച്ചു. പഠന കാലത്ത് തന്നെ രാഷ്ട്രീയത്തിലേക്ക് ഉറങ്ങി ചെന്ന അപൂർവ്വം വ്യക്തികളിൽ ഒരാണ് ഇദ്ദേഹം. പിന്നീട് കോൺഗ്രസിൽ നിന്ന് പടിപടിയായി അദ്ദേഹം ഉയർന്നു വന്നു. തുടക്കം കുറിച്ചത് ഷൊർണൂരിൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആയി ആയിരുന്നു. പട്ടാമ്പി നിയോജക മണ്ഡലം സെക്രട്ടറി പിന്നീട് പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
പാലക്കാട് ഡി സി സി പ്രസിഡന്റ് ആയത് 1964-ൽ ആയിരുന്നു. 1968 - ൽ കെ പി സി സി ജനറൽ സെക്രട്ടറി ആയി. എന്നാൽ, കോൺഗ്രസ് പിളർന്ന സമയത്ത് അദ്ദേഹം സംഘടനാ കോൺഗ്രസിനൊപ്പം നിലകൊണ്ടു. അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗം ആയിരുന്നു അദ്ദേഹം. അശോക് മേത്ത പ്രസിഡന്റായിന്നു അക്കാലത്ത്.












Click it and Unblock the Notifications