'ഗുരുതര ആരോപണം'; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കടുത്ത നിലപാടുമായി സംസ്ഥാന സർക്കാർ. ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതരമാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. തന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള കേസാണ് ഇതെന്ന അദ്ദേഹത്തിന്റെ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും, പുനരന്വേഷണം തടയണമെന്നുള്ള ഹർജി തള്ളണമെന്നും കേരളം ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം പിണറായി സർക്കാരിൽ ഗണേഷ് കുമാറിന് മുൻപ് ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിയാണ് ആന്റണി രാജു. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് എംഎൽഎ ആയ ആന്റണി രാജുവിനെതിരായ കേസിൽ ആദ്യമായാണ് സർക്കാർ കടുത്ത നിലപാട് സ്വീകരിക്കുന്നത്.

കേസിൽ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം നൽകിയത്. കേസിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ വൈകിയ സംസ്ഥാന സർക്കാർ നടപടിയെ നേരത്തെ കോടതി നിശിതമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഗത്യന്തരമില്ലാതെയാണ് സർക്കാർ ഇപ്പോൾ ആന്റണി രാജുവിനെതിരായ നിലപാട് കടിപ്പിക്കുന്നത്.
നേരത്തെ എതിർസത്യവാങ്‌മൂലം വൈകിയതോടെ സംസ്ഥാന സർക്കാർ പ്രതിയുമായി കൈകോർക്കുകയാണോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. എല്ലാ വസ്‌തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നൽകാനുള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് ശേഷം എതിർ സത്യവാങ്മൂലം നൽകാൻ കേരളത്തിന് കോടതി കർശന നിർദ്ദേശവും നൽകുകയുണ്ടായി.
അതേസമയം, വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നൽകി തെളിവ് നശിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താനാണ് ഈ തെളിവ് മാറ്റിയതെന്നാണ് ആരോപണം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായിരിക്കുന്ന സംഭവ വികാസത്തിൽ ആന്റണി രാജു ഇതുവരെ പ്രതികരിച്ചിട്ടില്ല. ആന്റണി രാജു നേതൃത്വം നൽകുന്ന ജനാധിപത്യ കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. തിരുവനന്തപുരം മണ്ഡലത്തിൽ ഉൾപ്പെടെ ശക്തമായ സ്വാധീനമുൾ നേതാവ് കൂടിയാണ് അദ്ദേഹം. മുൻ മന്ത്രിക്കെതിരായ സർക്കാർ നിലപാട് പ്രതിപക്ഷ ഏത് രീതിയിൽ ഏറ്റെടുക്കുമെന്നും ഇനി കണ്ടറിയണം.












Click it and Unblock the Notifications