എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്; മലയാള സാഹിത്യത്തില്‍ സ്വന്തമായ ഇടം കണ്ടെത്തിയ എഴുത്തുകാരന്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.

മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമാണ് അദ്ദേഹം.
ആലുവയില്‍ കടുങ്ങല്ലൂരിലെ പ്രശാന്തസുന്ദരമായ അന്തരീക്ഷമുള്ള വീട്ടില്‍ സേതു അക്ഷരത്തെ ഉപാസിച്ചുകൊണ്ട് എണ്‍പത് വയസ്സ് പിന്നീടുകയാണ്. അദ്ദേഹത്തെ മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്. നോവലിനും കഥയ്ക്കുമിടയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ക്കും അദ്ദേഹത്തിന്റെ കഥകള്‍ അടിസ്ഥാനമായി.
1942ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവല്‍, കഥ വിഭാഗങ്ങളില്‍ 33 കൃതികള്‍. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) എന്നിവ ലഭിച്ചിട്ടുണ്ട്.
പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലന്‍സ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍ എന്നിവ സിനിമയായി. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിരരാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. 2005-ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബര്‍ 5-ന് സേതുവിനെ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടു. സുകുമാര്‍ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം.












Click it and Unblock the Notifications