പ്രമുഖ സിപിഎം നേതാവിനെതിരെ ലെെംഗികാരോപണം
തിരുവനന്തപുരം: കണ്ണൂരിലെ ഒരു ഉന്നത സിപിഎം നേതാവിനെതിരെ ലൈംഗികാരോപണം. പ്രാദേശിക പ്രവര്‍ത്തകര്‍ നേതാവിനെ കൈയ്യോടെ പിടികൂടുകയും പാര്‍ട്ടി നേതൃത്വത്തെ വിവരമറിയിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നേതാവിന് പാര്‍ട്ടി താക്കീത് നല്‍കിയെന്നും സൂചന. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
എന്നാല്‍ ഇദ്ദേഹത്തിനെതിരെ കൂടുതല്‍ നടപടിയുണ്ടാകില്ലെന്നാണ് സൂചന. പി ശശി വിവാദത്തിന് ശേഷം വീണ്ടും ഇത്തരമൊരു പ്രശ്‌നം പാര്‍ട്ടിയെ ദോഷകരമായി ബാധിയ്ക്കുമെന്നതിനാല്‍ അതീവ രഹസ്യമായാണത്രേ നേതാവിന്റെ വിഷയം കൈകാര്യം ചെയ്തത്.

കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ സഹകരണ സംഘത്തിലെ 42 കാരിയായ ജീവനക്കാരിയുടെ വീട്ടില്‍ നേതാവ് രാത്രികാലങ്ങളില്‍ വന്ന് പോയിരുന്നത്രേ. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യം പ്രാദേശിക നേതൃത്ത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ തന്നെ നേതാവിനെ സ്ത്രീയുടെ വീട്ടില്‍ നിന്നും പിടികൂടിയത്. എന്നാല്‍ നേതാവിനെ പിടികൂടിയ കാര്യം ഒരു കാരണവശാലും പുറത്തറിയരുതെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.
സഹകരണമേഖലയില്‍ നേതൃത്വം നല്‍കുന്ന ഈ സിപിഎം നേതാവിനെക്കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഔദ്യോഗിക വാഹനത്തിലായിരുന്നത്രേ നേതാവ് സ്ത്രീയുടെ വീട്ടില്‍ എത്തിയിരുന്നത്. ഔദ്യോഗിക കാര്യം സംസാരിയ്ക്കുന്നതിനായാണ് സ്ത്രീയുടെ വീട്ടില്‍ എത്തിയതെന്നാണ് നേതാവ് പറയുന്നത്. പാര്‍ട്ടി ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. സംസ്ഥാന നേതൃത്വം വൈകാതെ പ്രശ്‌നത്തില്‍ ഇടപെടുമെന്നാണറിയുന്നത്.












Click it and Unblock the Notifications