വടകരയിൽ ഷാഫി തോൽക്കും, കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും; സിപിഎം അന്തിമ റിപ്പോർട്ട് ഇങ്ങനെ
കോഴിക്കോട്: ലോക്ലഭ തിരഞ്ഞെടുപ്പിൽ ഇത്തവണ വടകര തിരിച്ചുപിടിക്കാനാകുമെന്ന വിലയിരുത്തലിൽ സി പി എം. കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വടകരയിൽ വിജയം പ്രതീക്ഷിക്കുന്നത്. 1200 മുതൽ 1500 വരെ വോട്ടുകൾ നേടാൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പി ജയരാജൻ കൂറ്റൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. താഴെക്കിടയിൽ നിന്നുള്ള കമ്മിറ്റികളിൽ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു സിപിഎം കണ്ടെത്തൽ. എന്നാൽ ഫലം വന്നപ്പോൾ വൻ പരാജയമായിരുന്നു ജയരാജൻ നേരിട്ടത്. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ മുരളീധരൻ വിജയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ആറ്റിക്കുറിക്കിയ കണക്കുകൾ മാത്രം നൽകിയാൽ മതിയെന്ന നിർദ്ദേശമാണ് ജില്ലാ കമ്മിറ്റി കീഴ്ക്കമ്മിറ്റികൾക്ക് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ
ഇത്തവണ സംശയമുള്ളതും ആടിക്കളിക്കുന്നതുമായ വോട്ടുകളെല്ലാം മാറ്റിനിർത്തി, ഉറച്ചവോട്ടുകൾ മാത്രമാണ് ബൂത്ത് തല കമ്മിറ്റികൾ കൈമാറിയിട്ടുള്ളത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിൽ എൽ ഡി എഫ് നേരിയ മുൻതൂക്കം പ്രതീക്ഷിക്കുന്നുണ്ട്. വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിൽ യു ഡി എഫിന് തന്നെയാവും ഇത്തവണയും മേൽക്കൈ. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം നിയമസഭ മണ്ഡലങ്ങളിൽ അടിയൊഴുക്ക് ശക്തമാണെന്നും വിലയിരുത്തുന്നു. അതേസമയം എൻഡിഎയ്ക്ക് വടകരയിൽ കാര്യമായ മുന്നേറ്റം സിപിഎം പ്രതീക്ഷിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വത്സൻ പനോളിയുൾപ്പെടെയുള്ളവരാണ് അന്തിമ വിശകലനറിപ്പോർട്ട് തയ്യാറാക്കിയത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. കെ മുരളീധരനിൽ നിന്നും മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെകെ ശൈലജയെ സിപിഎം ഇവിടെ മത്സരിപ്പിച്ചത്. തുടക്കത്തിൽ പ്രചരണത്തിൽ ഏറെ മുന്നേറാനും അവർക്ക് സാധിച്ചിരുന്നു. എന്നാൽ കെ മുരളീധരന് പകരം പാലക്കാട് നിന്ന് ഷാഫി പറമ്പിൽ വടകരയിൽ എത്തിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി വടകര മാറുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മും ഒരിടത്ത് ആര്‍എംപിയും ഒരിടത്ത് എല്‍ജെഡിയുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.












Click it and Unblock the Notifications