ഷാരൂഖ് സെയ്ഫി റാഡിക്കലൈസ്ഡ് ആണ്; അദ്ദേഹം വരുന്ന ഏരിയ നിങ്ങള്‍ക്കറിയാലോ... എഡിജിപി
കോഴിക്കോട്: എലത്തൂര്‍ തീവയ്പ്പ് സംഭവത്തില്‍ അന്വേഷണ പുരോഗതി വിശദീകരിച്ച് എഡിജിപി അജിത് കുമാര്‍. ട്രെയിനില്‍ പ്രതി ഷാരൂഖ് സെയ്ഫി തീവച്ചത് ആസൂത്രണം ചെയ്തുകൊണ്ട് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തില്‍ പ്രതിയാണ് കുറ്റം ചെയ്തത് എന്ന് വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
പ്രതി റാഡിക്കലൈസ്ഡ് ആണ്. ഇയാള്‍ നിരന്തരം റാഡിക്കലൈസ്ഡ് വീഡിയോസ് കണ്ടിരുന്നു. സാക്കിര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് എന്ന് പറയുന്നവരുടെ വീഡിയോ ഒക്കെ കാണാറുണ്ടായിരുന്നു. ആക്രമണം നടത്താന്‍ പ്ലാന്‍ ചെയ്താണ് വന്നത്. അന്വേഷണം തുടങ്ങിയിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. ഇക്കാലയളവില്‍ പ്രതിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു...

ഏതെങ്കിലും സംഘടനകളുമായി പ്രതിക്ക് ബന്ധമുണ്ടോ, ആരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചോ എന്നീ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുന്നത് കൂടുതല്‍ സമയം വേണ്ടി വരും. പാലക്കാട് നിന്ന് പ്രതിയുടെ ഫോണ്‍ കണ്ടെത്തി എന്നത് എനിക്കറിയാത്ത വിവരമാണ്. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നത്...
പ്രതി ഹൈലി റാഡിക്കലൈസ്ഡ് ആണ്. ഇത്തരം വീഡിയോകള്‍ പ്രതി നിരന്തരം കണ്ടിരുന്നു. അദ്ദേഹം വരുന്ന ഏരിയ കുറിച്ച് നിങ്ങള്‍ക്ക് അറിയാം, നിങ്ങള്‍ അന്വേഷിച്ചിട്ടുള്ളതാണ്. അതിന്റെ പ്രത്യേകത നിങ്ങള്‍ക്ക് അറിയാം. റാഡിക്കലായ വീഡിയോകള്‍ കാണുന്ന ശീലം പ്രതിക്കുണ്ട്. വിപുലമായ അന്വേഷണം നടക്കേണ്ട കേസാണിത്...
ഡല്‍ഹിയില്‍ നിന്ന് പ്രതി കേരളത്തിലെത്തി. പിന്നീട് തീവയ്പ്പ് നടന്ന സ്ഥലത്തെത്തി. ശേഷം കണ്ണൂരിലെത്തി. അവിടെ നിന്ന് രത്‌നഗിരിയിലെത്തി. അവിടെ നിന്ന് പിടിക്കപ്പെടുന്നവരെയുള്ള പ്രതിയുടെ എല്ലാ നീക്കങ്ങളും അന്വേഷണ സംഘം വിശദമായി മനസിലാക്കിയിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങണമോ എന്ന് നിങ്ങളോട് പറയേണ്ടതില്ലെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചേര്‍ത്തു
കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും നിരീക്ഷണത്തിലുണ്ടോ എന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തിനാല്‍ കേസ് എന്‍ഐഎ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, യുഎപിഎ വകുപ്പ് ചേര്‍ത്ത കേസുകള്‍ കേരള പോലീസും അന്വേഷിച്ചിട്ടുണ്ട് എന്നായിരുന്നു എഡിജിപിയുടെ മറുപടി. പ്രതിയുടെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. ശേഷണാണ് എഡിജിപി മാധ്യമങ്ങളെ കണ്ടത്.
യുഎപിഎ സെക്ഷന്‍ 16 ചേര്‍ത്ത് കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. നിരവധി സംസ്ഥാനങ്ങളില്‍ പോയി. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ വകുപ്പ് ചേര്‍ത്തത്.
പ്രതിക്ക് 27 വയസുണ്ട്. നാഷണല്‍ ഓപണ്‍ സ്‌കൂളില്‍ പഠിച്ച വ്യക്തിയാണ്. പ്ലസ് ടു വരെ പഠിച്ചു എന്നാണ് വിവരം ലഭിച്ചത്. ആദ്യമായിട്ടാണ് പ്രതി കേരളത്തില്‍ വരുന്നത് എന്നാണ് അറിഞ്ഞത്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. നിങ്ങളുമായി പങ്കുവയ്ക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.












Click it and Unblock the Notifications