ഷാരോൺ കേസ്: 'തെളിവ് നശിപ്പിച്ചു'; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ
തിരുവനന്തപുരം: ഷാരോണ്‍ രാജ് കൊലക്കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേര്‍ത്തിരിക്കുകയാണ്. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ഇരുവരും നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് വിവരം.
അമ്മയും അമ്മാവനും ചേർന്നാണ് തെളിവ് നശിപ്പിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന് വിഷം കലർത്തിയ കഷായം നൽകി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടും പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഗ്രീഷ്മ ഇക്കാര്യം അമ്മയോടും അമ്മാവനോടും പറയുന്നത്. തുടർന്ന് കഷായ പാത്രമടക്കമുള്ള തെളിവുകൾ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടിൽ ഇവ ഉപേക്ഷിച്ചുവെന്നാണ് അമ്മയുടേയും അമ്മാവന്റേയും മൊഴി.മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമായിരുന്നു ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷാരോണിന്റെ കൊലപാതകത്തിന് പിന്നിൽ മറ്റാരും ഇല്ലെന്നും താൻ ഒറ്റക്കായിരുന്നു ഇത് ചെയ്തത് എന്നുമായിരുന്നു ഗ്രീഷ്മ ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നത്. എന്നാൽ ഗ്രീഷ്മ ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്നും പിന്നിൽ ആരെങ്കിലും ഉണ്ടാകുമെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷമാണ് അമ്മയേയും അമ്മാവനേയും ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്.

അതേസമയം, പോലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗ്രീഷ്മ.രാവിലെ എഴരയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടു. ബാത്ത്‌റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു.

അതേസമയം വീട്ടില്‍ നിന്നും താലി കെട്ടിയ ശേഷമുള്ള ഷാരോണിന്‍റെയും ഗ്രീഷ്മയുടെയും വീഡിയോ പുറത്തുവന്നു. ഷാരോണിന്‍റെ കുടുംബം വീഡിയോ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഷാരോണ്‍ ഗ്രീഷ്മയെ താലികെട്ടിയതിന് തെളിവ് ഇല്ലെന്ന് പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇതിന് വീഡിയോ തെളിവുണ്ടെന്ന് ഷരോണിന്‍റെ കുടുംബം പറഞ്ഞിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍14ന് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ച് ഷാരോൺ 25നാണ് മരിച്ചത്. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിഷം നല്‍കിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.

കൃത്യമായ ആസൂത്രണം നടത്തി ആണ് ഗ്രീഷ്മ ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന് പോലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവുമാണ് കേസന്വേഷണത്തില്‍ പ്രധാന വഴിത്തിരിന് ആവുന്നത്.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്നാണ് റിപ്പോർട്ട്












Click it and Unblock the Notifications